- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധനാക്രമത്തെ ബാധിക്കുന്നു; വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കണം; സർക്കാറിന് മുന്നിൽ ആവശ്യവുമായി മുസ്ലിം സംഘടനകൾ
തിരുവനന്തപുരം: വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം മലബാറിലെ പ്ലസ് വൺ, പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യം കൂടി മുന്നിൽ വെക്കുന്നുണ്ട്.
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവരുടെ ഉന്നമനത്തിനായി തയ്യാറാക്കിയ റിപ്പോർട്ട് വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ക്രൈസ്തവ സംഘടനകൾക്കിടയിൽ രൂക്ഷമാണ്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെയാണ് യോഗം വിളിച്ചത്. വിവിധ ന്യൂനപക്ഷങ്ങൾ മുന്നോട്ട് വച്ച കാര്യങ്ങൾ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രം ന്യൂനപക്ഷ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
അതേസമയം കണ്ണൂർ ജില്ല സ്‌കൂൾ കായിക മേള ഞായറാഴ്‌ച്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ രംഗത്തു വന്നിരുന്നു. ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച തന്നെ കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കൗൺസിൽ അറിയിച്ചിരിക്കുന്നത്.
മതബോധനമടക്കമുള്ള ക്ലാസുകളെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ല. ഒക്ടോബർ എട്ട് ഞായറാഴ്ച നടത്തുമെന്നറിയിച്ച കായികമേള മറ്റൊരു ദിവസത്തിലേക്ക് മാറ്റണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്ത്കുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, എ.കെ.സി.സി ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ എന്നിവർ ആവശ്യപ്പെട്ടു.-




