തളിപ്പറമ്പ്: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ.ചിറവക്കിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 2.73 കിലോ മുക്കുപണ്ടം പണയപ്പെടുത്തി 72.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് കസ്റ്റഡിയിലായത്.ചുടലക്കടുത്ത് പഞ്ചാരക്കുളം താമസിക്കുന്ന തൃക്കരിപ്പൂരിലെ തലയില്ലത്ത് ജാഫറിനെ (35) എസ്‌ഐ. കെ. ദിനേശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

ജാഫറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ 10 പേർക്കെതിരേയാണ് മുക്കുപണ്ടം പണയം പണം തട്ടിയെന്ന പരാതിയിൽ കേസെടുത്തിരിക്കുന്നത്.സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ സുഹൃത്തിന്റെ സഹായത്തോടെ മുക്കുപണ്ടം സംഘടിപ്പിച്ചു.ഈയത്തിൽ സ്വർണം പൂശിയ ആഭരണങ്ങളാണ് പണയപ്പെടുത്തിയന്നൊണ് സംശയിക്കുന്നത്.കാസർകോടുള്ള ഒരു സുഹൃത്ത് വഴിയാണ് മുക്കുപണ്ടം ജാഫറിലെത്തിയതെന്നാണ് പിടിയിലായ ശേഷം ഇയാൾ പൊലീസിന് നൽകിയ മൊഴി.

അതേ സമയം തട്ടിപ്പിന്റെ യഥാർത്ഥ വസ്തുത പുറത്തുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.തൊണ്ടിമുതലായ പണയവസ്തു കൂടുതൽ രാസപരിശോധന നടത്തിയാൽ മാത്രമേ ലോഹത്തെക്കുറിച്ചുള്ള വ്യക്തത വരൂവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.പിടിയിലായ പ്രതി സമാനമായ മറ്റ് കേസുകളിൽ പ്രതിയാണോയെന്നും തട്ടിപ്പുമായി കൂടുതലാളുകൾക്ക് ബന്ധമുണ്ടെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.