കോഴിക്കോട്:ജപ്തി ഭീഷണിയെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. കൊയിലാണ്ടി അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്.60 കാരനായ വേലായുധൻ കാർഷികവൃത്തിയിലൂടെയാണ് ഉപജീവനം നടത്തിവന്നിരുന്നത്.ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രദേശത്തെ കാർഷിക സഹകരണ ബാങ്കിൽ നിന്നും വേലായുധൻ ലോണെടുത്തിരുന്നു.ലോണിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന.കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്നുമെടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു.ഈ ലോൺ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തി അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്നാണ്‌ കുടുംബത്തിന്റെ ആരോപണം.