കോഴിക്കോട്: കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായത് വൻ തീപിടിത്തം. കോഴിക്കോട് ബീച്ചിനോട് ചേർന്ന മാലിന്യ സംഭരണ കേന്ദ്രത്തിലാണ് ഇന്ന് രാവിലെ തീപിടിത്തം ഉണ്ടായത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. തീ കത്തിയ ഉടൻ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.രണ്ടുമണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മൂന്ന് വർഷത്തിനിടെ കോഴിക്കോട് കോർപറേഷന്റെ രണ്ടാമത്തെ മാലിന്യ സംസ്‌കരണ കേന്ദ്രമാണ് കത്തി നശിക്കുന്നത്.പ്‌ളാസ്റ്റിക് മാലിന്യത്തിൽ പടർന്ന തീ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിശമന സേനയ്ക്കൊപ്പം വെസ്റ്റ് ഹിൽ ആർമി ക്യാംപിൽ നിന്നുള്ള സൈനികരും, പൊലീസും നാട്ടുകാരും തീ അണയ്ക്കാൻ ഇടപെടൽ നടത്തി.

തീ അണച്ച ശേഷം പ്ലാന്റിന് പരിസരത്തേക്ക് തന്നെ മാലിന്യം നീക്കാനുള്ള ശ്രമം നാട്ടുകാർ തടയുകയും ചെയ്തു.അടുത്തിടെ കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിന് തീ പിടിച്ചത് വൻ വിവാദമായിരുന്നു.