- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം പ്രതിഷേധം വഷളാക്കിയത് സർക്കാരിന്റെ നിലപാട്; സർക്കാരിനെതിരെ വിമർശനവുമായി കെ. സുധാകരൻ; പ്രകോപനം അവസാനിപ്പിക്കണം ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം ന്യായമെന്നും കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള സർക്കാരിന്റെയും പൊലീസിന്റെയും പ്രകോപനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ജീവിക്കാനായുള്ള പോരാട്ടം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യം ചെയ്ത് അടിച്ചമർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെങ്കിൽ അത് കോൺഗ്രസ് അംഗീകരിക്കില്ല.
പ്രതിഷേധം വഷളാക്കിയത് സർക്കാരിന്റെ നിലപാടാണ്. പ്രശ്‌നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ല. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് കേസെടുത്തത് ആഭ്യന്തരവകുപ്പിന്റെ പ്രതികാര നടപടിയാണ്. മത്സ്യത്തൊഴിലാളികളോടും ലത്തീൻ സഭാവിശ്വാസികളോടുമുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണിത്.
സർക്കാരിന്റെ ഈ നടപടി നീതികരിക്കാനാവില്ല. വൈദികർക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണം. അദാനിക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുകയാണ്. സമരക്കാരിൽ നിന്നും 200 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. അത് നടപ്പാക്കാമെന്നത് സർക്കാരിന്റെ ദിവാസ്വപ്നമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സമരത്തെ വർഗീയവത്കരിച്ച് അധിക്ഷേപിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. സർക്കാർ സ്‌പോൺസർ ചെയ്ത ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് വിഴിഞ്ഞത്ത് സംഘർഷമുണ്ടായതെന്ന ആക്ഷേപം നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധം സംഘർഷത്തിലേക്ക് കലാശിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം ന്യായമാണ്.
കോൺഗ്രസും ഇതേ ആവശ്യത്തെ പിന്തുണക്കുന്നു. വിഴിഞ്ഞം സമരം അട്ടിമറിക്കാൻ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ബോധപൂർവമായി ശ്രമിക്കുന്നുവെന്നത് യാഥാർഥ്യമാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി ജനകീയ സമരങ്ങളെ വർഗീയകലാപങ്ങളായി ചിത്രീകരിക്കുകയാണ് ഇരുവരും. മന്ത്രിമാർ അത് ഏറ്റുപറയുകയാണ്. ഇത് ഗൗരവമായി തന്നെ കാണണമെന്നും ജിഡീഷ്യൽ അന്വേഷണ പരിധിയിൽ ഇക്കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.




