- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോതിരം നഷ്ടമായിട്ട് ആറ് മാസം; മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി; തിരികെ നൽകി മാതൃകയായി ഹരിത കർമ സേന
തിരുവനന്തപുരം: കാണാതായ വിവാഹ മോതിരം ആറ് മാസത്തിന് ശേഷം തിരികെ കിട്ടി. അജൈവ മാലിന്യം തരം തിരിക്കുന്നതിനിടെ കണ്ടെത്തിയ സ്വർണ മോതിരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വെങ്ങാനൂർ വാർഡിലെ ഹരിത കർമസേന അംഗങ്ങൾ. വെങ്ങാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വേണുഗോപാലൻ നായർക്കാണ്, ആറ് മാസം മുമ്പ് നഷ്ടപ്പെട്ടെന്ന് കരുതിയ ഒന്നേകാൽ പവന്റെ സ്വർണ മോതിരം തിരികെ ലഭിച്ചത്. ഹരിത കർമസേന അംഗങ്ങളായ ശാലിനിയും സരിതയുമാണ് മാതൃകാപരമായി പ്രവർത്തിച്ചത്.
വേണുഗോപാലൻ നായർക്ക് വിവാഹ വേളയിൽ ഭാര്യ വിജയകുമാരി വിരലിൽ ഇട്ടു നൽകിയതായിരുന്നു ആ മോതിരം. എട്ട് വർഷം മുമ്പ് ഭാര്യയുടെ മരണം സംഭവിച്ചു. ഭാര്യയുടെ ഓർമകളുള്ള ആ മോതിരം നഷ്ടമായതോടെ സങ്കടമായി. വീട്ടിൽ മാലിന്യം കുറഞ്ഞ അളവിലേ ഉള്ളൂ എന്നതിനാൽ കഴിഞ്ഞ ഏതാനും മാസത്തെ അജൈവ മാലിന്യം ചാക്കിലാക്കി സൂക്ഷിച്ചിരുന്നു.
ഇന്നലെ ഇത് ശേഖരിക്കാനെത്തിയ ഹരിത കർമസേന അംഗങ്ങൾ അജൈവ മാലിന്യം തരം തിരിക്കുന്നതിനിടെയാണ് മോതിരം ലഭിച്ചത്. ഉടൻ തന്നെ വിവരം വാർഡ് കൗൺസിലർ സിന്ധു വിജയനെ അറിയിച്ചു. തുടർന്ന് കൗൺസിലർ എത്തി വേണുഗോപാലൻ നായരെ മോതിരം തിരിച്ചു കിട്ടിയ കാര്യം അറിയിച്ചു.
എഡിഎസ് ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് എന്നിവരുടെ സാന്നിധ്യത്തിൽ മോതിരം കൈമാറി. ഭാര്യ വിരലിൽ അണിയിച്ച, ഭാര്യയുടെ പേരെഴുതിയ മോതിരം കൈമോശം വന്നപ്പോൾ ഏറെ പ്രയാസം തോന്നിയിരുന്നുവെന്ന് വേണുഗോപാലൻ നായർ പറഞ്ഞു.




