ചോറ്റാനിക്കര: മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനങ്ങളുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യങ്ങൾ നീക്കി സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അജൈവമാലിന്യ ശേഖരണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 1,94,035 രൂപയാണ് പഞ്ചായത്തിൽ ലഭിച്ചത്.

പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി 28 ഹരിത കർമ്മ സേന പ്രവർത്തകർ മുഖേനയാണ് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത്. മാസത്തിൽ 15 ദിവസം വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കും. അജൈവ മാലിന്യനിർമ്മാർജനം ലക്ഷ്യമിട്ട് 2018 ൽ ആരംഭിച്ച ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വഴി ഇതുവരെ 270 ടൺ അജൈവ മാലിന്യങ്ങൾ പഞ്ചായത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒരുമാസം 4200 കിലോ വരെ മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്.

ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങൾ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുന്നു. ഇതിനായി പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കും. ഇവിടെ നിന്നും മാലിന്യങ്ങൾ സംസ്‌കരണത്തിനായി സ്വകാര്യ കമ്പനിയിലേക്ക് കൈമാറും. വാതിൽപ്പടി മാലിന്യ ശേഖരണം എന്ന ആശയമാണ് മാലിന്യ ശേഖരണത്തിനായി പഞ്ചായത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. യൂസർ ഫീയായി വീടുകളിൽ നിന്ന് 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്.

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനായി ബയോ ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് കൃഷിഭവന്റെ സഹകരണത്തോടെ ജൈവാമൃതം വളം നിർമ്മാണം, ചെടികൾ പച്ചക്കറി തൈകൾ എന്നിവയുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളും പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.

പഞ്ചായത്തിൽ ഹരിത കർമ്മ സേന നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് പറഞ്ഞു. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവലോകന യോഗങ്ങൾ ചേരുകയും അജൈവ മാലിന്യ ശേഖരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വാർഡുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിൽ നിന്നും നല്ല പിന്തുണയാണ് ഹരിത കർമ്മ സേനയ്ക്ക് ലഭിക്കുന്നതെന്ന് ഹരിത കർമ്മ സേന പ്രവർത്തിക രമ്യ മനു പറഞ്ഞു.