- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; വിവാഹം നടക്കാനായി ചൊവ്വാ ദോഷം മാറാൻ പൂജ ; യുവതിയുടെ സ്വർണ്ണ പാദസരവുമായി മുങ്ങിയ ഇടുക്കി സ്വദേശി പിടിയിൽ
അമ്പലപ്പുഴ: ആലപ്പുഴയിൽ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുപടെ സ്വർണ്ണ പാദസരം തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് സ്വദേശി തുളസീ മന്ദിരത്തിൽ തുളസീധരന്റെ മകൻ ശ്യാം കുമാർ (35) ആണ് പിടിയിലായത്. അമ്പലപ്പുഴ കരുമാടി സ്വദേശിയുടെ മകളുടെ പാദസരമാണ് ഇയാൾ തട്ടിയെടുത്തത്. വിവാഹം നടക്കാൻ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനാണെന്ന് പറഞ്ഞാണ് ഇയാൾ പാദസരം തട്ടിയെടുത്ത്.
അഞ്ച് മാസം മുമ്പ് ഫേസ്‌ബുക്കിലൂടെയാണ് ശ്യാം കുമാർ യുവതിയുമായി പരിചയത്തിലാവുന്നത്. വീട്ടിലെ വിവരങ്ങൾ അന്വേഷിക്കുകയും ചൊവ്വാദോഷത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്ത യുവാവ് പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ കരുമാടിയിലുള്ള വീട്ടിലെത്തി കല്യാണ സംബന്ധമായ കാര്യങ്ങൾ ഗണിച്ചു പറയുകയും ദോഷം മാറാൻ പാദസരം പൂജിക്കണമെന്നു പറഞ്ഞു പാദസരം കൈക്കലാക്കി.
പാദസം വാങ്ങിയ ശേഷം ഇയാൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. ഇതോടെയാണ് യുവതിയും കുടുംബവും പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി കട്ടപ്പനയിൽ നിന്നും ശ്യാം കുമാറിനെ അറസ്റ്റ് ചെയ്തത്.
ശ്യാം കുമാരിനെതിരെ ഇത്തരത്തിൽ തിരുവനന്തപുരത്തും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി ഇത്തരത്തിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്‌ഐ സന്തോഷ് കുമാർ, ജൂനിയർ എസ്‌ഐ ബാലസുബ്രഹ്മണ്യം, സി പി ഒമാരായ ജോസഫ് ജോയ്, അനീഷ് എന്നിവരുമുണ്ടായിരുന്നു.




