ആലുവ: വീടിനുള്ളിൽ മദ്യം വാങ്ങിവെച്ച് അനധികൃതമായി വിൽപ്പന നടത്തുന്നുവെന്നാരോപിച്ച് വീട്ടമ്മക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികളായ വീട്ടമ്മമാർ ചേർന്ന് ഇവരുടെ വീട് ഉപരോധിച്ചു.ആലുവ നഗരസഭ 17-ാം വാർഡിലാണ് പരസ്യമായി മദ്യവിൽപന നടക്കുന്നതായുള്ള പരാതിയുമായി പരിസരവാസികൾ രംഗത്തെത്തിയത്.എക്‌സൈസിനും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് പരസ്യപ്രതിഷേധം സംഘടിപ്പിച്ചതെന്ന് വീട്ടമ്മമാർ പറയുന്നു.

പ്രതിഷേധത്തെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.മദ്യവിൽപന തുടർന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് ഇവർക്ക് താക്കീത് നൽകി.ഇതിന് ശേഷമാണ് വീട്ടമ്മമാർ ഉപരോധം അവസാനിപ്പിച്ചത്.എന്നാൽ മകൻ കടുത്ത മദ്യപാനിയാണെന്നും കരൾ രോഗത്തെത്തുടർന്ന് കിടപ്പിലായ മകനുവേണ്ടിയാണ് മദ്യം വാങ്ങുന്നതെന്നുമാണ് വീട്ടമ്മയുടെ വാദം.ശേഷിക്കുന്ന മദ്യം മാത്രമാണ് വിൽപന നടത്താറുള്ളതെന്നും ഇവർ പരസ്യമായി പറഞ്ഞു.

അതേസമയം, പരിസരത്ത് സന്ധ്യ മയങ്ങിയാൽ ലഹരിവിൽപന സജീവമാണെന്ന് നാട്ടുകാരുടെ ആക്ഷേപം.ബീവറേജിൽ ക്യൂനിന്ന് മദ്യം വാങ്ങി അതിൽ വ്യാജമദ്യം കൂട്ടി കലർത്തിയാണ് വിൽപന നടത്തുന്നത്.ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ മദ്യം വാങ്ങാൻ പലരുമെത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.ലഹരിക്കെതിരെ ബോധവത്കരണത്തിന് എക്‌സൈസും പൊലീസും രംഗത്തുവരുമെങ്കിലും അനധികൃത മദ്യവിൽപന ചൂണ്ടിക്കാട്ടിയാലും ഇക്കൂട്ടർ നടപടിയെടുക്കാൻ മടികാണിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.