ന്യൂഡൽഹി: 'നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യം. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അവിഭാജ്യഘടകം കൂടിയായിരുന്നു സ്വതന്ത്ര ആവിഷ്‌കാരത്തിനുവേണ്ടിയുള്ള പോരാട്ടം. ഇത് ആരുടെയെങ്കിലും കാൽക്കീഴിൽ അടിയറവയ്ക്കാൻ ഞങ്ങൾ ഒരുക്കമല്ലെന്ന് താങ്കളെ അറിയിക്കട്ടെ' - ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു

ഫേസ്‌ബുക്ക് കുറിപ്പ്

മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, താങ്കൾ ഒരു ഏകാധിപതിയല്ല. ഇന്ത്യൻ ഭരണഘടന പ്രകാരം കേരളത്തിന്റെ ഗവർണ്ണറായി നിയമിക്കപ്പെട്ട വ്യക്തിയാണ് താങ്കൾ. അതേ ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ചവിട്ടിമെതിക്കാൻ താങ്കൾക്ക് ആരും അധികാരം നൽകിയിട്ടില്ല.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത പതിവുകൾക്കാണ് താങ്കൾ തുടക്കം കുറിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ കാലേക്കൂട്ടി ഇ-മെയിലിലൂടെ അനുവാദത്തിന് അപേക്ഷിപ്പിക്കുക, പരിശോധനയ്ക്കു ശേഷം അനുമതി പുറപ്പെടുവിക്കുക, പിന്നീട് അതുപ്രകാരം മാധ്യമപ്രവർത്തകരെ താങ്കളുടെ പക്കലെത്താൻ അനുവദിക്കുക എന്നിങ്ങനെ പുതിയൊരു ആചാരപ്രക്രിയയാണ് താങ്കൾ തുടങ്ങിയിരിക്കുന്നത്. എന്നിട്ടും ഇതിനു വിധേയമായി, ഈ കടമ്പകളൊക്കെ കടന്നാണ് കൈരളി ലേഖകൻ താങ്കളുടെ പക്കലെത്തിയത്. അപ്പോഴാണ് താങ്കൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവച്ചുകൊണ്ട് 'ഗറ്റ് ഔട്ട്' എന്ന് ആക്രോശിച്ചത്.

നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യം. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അവിഭാജ്യഘടകം കൂടിയായിരുന്നു സ്വതന്ത്ര ആവിഷ്‌കാരത്തിനുവേണ്ടിയുള്ള പോരാട്ടം. ഇത് ആരുടെയെങ്കിലും കാൽക്കീഴിൽ അടിയറവയ്ക്കാൻ ഞങ്ങൾ ഒരുക്കമല്ലെന്ന് താങ്കളെ അറിയിക്കട്ടെ.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ നിയതവും നിശിതവുമായ എല്ലാ പരിശോധനകൾക്കും ശേഷം ലഭിച്ച അനുമതിയോടെ പ്രവർത്തിക്കുന്ന സംരംഭമാണ് കൈരളി. രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സചേതനമായ ഇടപെടൽ കൈരളി നടത്തുന്നു.

കൈരളിയുടെ വാർത്താ ഉള്ളടക്കം നിരീക്ഷിക്കുവാനും പരിശോധിക്കുവാനുമുള്ള സംവിധാനം കേന്ദ്രത്തിന്റെ പക്കലുണ്ട്. അങ്ങയുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തയെക്കുറിച്ചു പരാതിയുണ്ടെങ്കിൽ അത് രേഖാമൂലം നൽകാം. അതു തിരുത്തുന്നില്ലെങ്കിൽ നിയമത്തിന്റെ വഴിമതേടാനും അങ്ങേയ്ക്ക് അവകാശമുണ്ട്. ലോകം അംഗീകരിച്ച രീതി അതാണ്.

പകരം, ഒരു മാധ്യമത്തെ വിലക്കാനോ ഭ്രഷ്ടുകൽപിക്കാനോ ഉള്ള അവകാശം താങ്കൾക്കില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഗവർണ്ണറും രാജ്ഭവനും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, വിഭ്രാന്തമായ ഭാവനാവിലാസങ്ങളിൽ അഭിരമിക്കാനുള്ള അവകാശം താങ്കൾക്കില്ല എന്ന് അസന്നിഗ്ധമായി പറയട്ടെ.

താങ്കളുടെ ഏതെങ്കിലും പരിപാടി മാധ്യമങ്ങൾ കവർ ചെയ്യേണ്ടതില്ല എങ്കിൽ അങ്ങനെ തീരുമാനിക്കാനുള്ള അവകാശം താങ്കൾക്കുണ്ട്. എന്നാൽ, തന്റെ ശബ്ദംമാത്രം മുഴങ്ങിക്കേൾക്കുകയും ഇമ്പമുള്ള ചോദ്യങ്ങൾമാത്രം ലഭിക്കുകയും ചെയ്യുന്ന രീതിയിലുള്ള 'പിക്ക് ആൻഡ് ചൂസ്' നടത്താൻ താങ്കൾക്ക് അവകാശമില്ല.

ലോകത്തിലെ എല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയത്തിന്റെ തീച്ചൂളയിൽ ഉയർന്നുവന്നതാണ് കേരളത്തിന്റെ മാധ്യമപ്രവർത്തനം. ഈ ഭൂമികയ്ക്ക് രാഷ്ട്രീയ ദിശാബോധം പകർന്നവരായിരുന്നു കേരളത്തിന്റെ മഹാരഥന്മാരായ പത്രാധിപന്മാർ. ജനാധിപത്യം, മതനിരപേക്ഷത, സാഹോദര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയവയാണ് കൈരളിയുടെ രാഷ്ട്രീയത്തിന്റെ മൂല്യാടിത്തറ.ജനങ്ങൾ തെരഞ്ഞെടുത്തവരാണ് ജനങ്ങളെ ഭരിക്കേണ്ടത് എന്നതാണ് ഞങ്ങളുടെ ഉത്തമമായ ബോധ്യം. അതുയർത്തിപ്പിടിക്കുന്നത് ഏതെങ്കിലും പദവിയോടുള്ള അനാദരവല്ല. ഒരു 'ഗറ്റ് ഔട്ടി'ൽ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം എന്നു കൂടി അങ്ങയെ ഓർമ്മിപ്പിക്കട്ടെ.

ലോകത്തിന്റെ തന്നെ മാധ്യമചരിത്രത്തിൽ തിളങ്ങുന്ന സംഭാവനകൾ ചെയ്ത കേരളത്തിലെ മാധ്യമസമൂഹം അവസരത്തിനൊത്തുയർന്ന് ഐക്യദാർഢ്യത്തിന്റെ തലത്തിലേയ്ക്ക് പ്രയാണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.