കോഴിക്കോട്: റിമാൻഡിൽ കഴിയുന്ന ഗ്രോ വാസുവിന് പിന്തുണയുമായി നടൻ ജോയ് മാത്യു. തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലിൽ പോകാൻ തയ്യാറായ യുവത്വത്തിന്റെ പേരാണിന്ന് ഗ്രോ വാസുവെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. വാസുവേട്ടൻ എന്ന് കോഴിക്കോട്ടുകാർ വിളിക്കുന്ന ഈ യുവാവ് ചെയ്ത തെറ്റ് എന്താണെന്നും കുറിപ്പിൽ ജോയ് മാത്യു കുറിപ്പിൽ ചോദിക്കുന്നു.

2016ൽ മാവോയിസ്റ്റ് കുക്കു ദേവരാജ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് അനുകൂലികൾ കോഴിക്കോട് മെഡിക്കൽ കോളജിനുമുന്നിൽ സംഘടിപ്പിച്ച ഉപരോധത്തെ തുടർന്നുള്ള കേസിലാണ് ഗ്രോ വാസുവിനെ കോടതി റിമാൻഡ് ചെയ്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനടക്കം എടുത്ത കേസിൽ പിഴ അടയ്ക്കാനോ ജാമ്യമെടുക്കാനോ തയ്യാറാവാത്തതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴും ജാമ്യമെടുക്കാത്തതിനെ തുടർന്നായിരുന്നു കോടതി നടപടി.

ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ:

GROW
എന്നാൽ വളരുക എന്നർത്ഥം
GROW വാസുവേട്ടൻ
എന്ന് പറഞ്ഞാൽ ഇക്കാലത്ത്
വളരുന്ന സമരവീര്യം എന്നാണർഥം ?
തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലിൽ പോകാൻ തയ്യാറായ യുവത്വത്തിന്റെ പേരാണിന്ന് ഗ്രോ വാസു.
വാസുവേട്ടൻ എന്ന് ഞങ്ങൾ കോഴിക്കോട്ടുകാർ വിളിക്കുന്ന ഈ യുവാവ് ചെയ്ത തെറ്റ് എന്താണ് ?
നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ ഇടത് ഭരണകൂടം നാലുപേരെ കൊലപ്പെടുത്തിയവർക്കെതിരെ അന്വേഷണമോ കേസോ എടുക്കാത്തതിൽ (ഭരണകക്ഷിയിലെ സിപിഐ സംഭവസ്ഥലം സന്ദർശിച്ചതും അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന് കണ്ടെത്തിയതും മറ്റൊരു പ്രഹസനം)
പ്രതിഷേധിച്ചതിനാണ് വാസുവേട്ടനെതിരെ പൊലീസ് കേസെടുത്തത് .ഈ 'അതിഭയങ്കരമായ 'കുറ്റം ചെയ്തതിനു മാപ്പ് എഴുതിക്കൊടുക്കാനോ പതിനായിരം രൂപ പിഴയടക്കാനോ താൻ തയ്യാറല്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നുമായിരുന്നു അദ്ദേഹം കോടതിയിൽ സ്വീകരിച്ച നിലപാട്.
കോടതിയിൽ കുറ്റം സമ്മതിക്കാനോ രേഖകളിൽ ഒപ്പുവെക്കാനോ അദ്ദേഹം തയ്യാറായില്ല. ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. അന്യായക്കോടതി അദ്ദേഹത്തെ പുതിയറ ജയിലിലേക്കയച്ചു. തൊണ്ണൂറ്റിനാലാം വയസ്സിലും സമര തീ തീക്ഷ്ണ യൗവ്വനം നിലനിർത്തുന്ന വാസുവേട്ടന് ഐക്യദാർഢ്യം.