കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിൽ കേസ് ഡയറി, പരാതിക്കാരിയുടെ മൊഴി, വാട്ട്‌സ്ആപ് സന്ദേശങ്ങൾ തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പീഡനത്തിനിരയായ യുവതിയും നൽകിയ ഹർജികൾ പരിഗണിച്ച ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്താണ് തിരുവനന്തപുരം സെഷൻസ് കോടതിക്ക് നിർദ്ദേശം നൽകിയത്. കേസ് രേഖകൾ ബുധനാഴ്ച ഹാജരാക്കുന്നുണ്ടെന്ന് സെഷൻസ് കോടതി ഉറപ്പാക്കണം.

ഹർജി പരിഗണിക്കവെ, പരാതിക്കാരിക്കെതിരെ 48 കേസുകൾ നിലവിലുണ്ടെന്ന് എൽദോസിന്റെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഈ കേസുകളുടെ വിശദാംശങ്ങൾ അറിയേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാൻ വന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും ഇവർ എൽദോസിന്റെ ഫോണും പാസ് വേഡും കൈവശപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയാണുണ്ടായതെന്നും എൽദോസിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഒരു കോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരി ഭീഷണിപ്പെടുത്തിയതിനെതിരെ എൽദോസിന്റെ ഭാര്യ കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു.

പരാതിക്കാരിയുടെ ആദ്യ പരാതിയിൽ ലൈംഗികമായി പീഡിപ്പിച്ചു എന്നു പറഞ്ഞിട്ടില്ലെന്നും 14 ദിവസത്തിനുശേഷമാണ് ലൈംഗിക പരാതി ഉന്നയിക്കുന്നതെന്നും എൽദോസിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പരാതിക്കാരിയുടെ രഹസ്യമൊഴി പരിഗണിക്കാതെയാണ് തിരുവനന്തപുരം അഡി. സെഷൻസ് കോടതി എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും സർക്കാർ വാദിച്ചു. ഹർജികൾ നവംബർ 17 നു വീണ്ടും പരിഗണിക്കും.