തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിലെ മണവാട്ടി ജങ്ഷനിൽ ആറുവയസുകാരനായ രാജസ്ഥാൻ ബാലനെ ചവുട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ യുവാവിന് തലശേരി കോടതി ഇന്ന് ജാമ്യം അനുവദിച്ചു. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാദിനാണ് ഉപാധികളോടെ തലശേരി ജില്ലാസെഷൻസ് കോടതി ഇന്ന് ഉച്ചയോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഈ കേസിൽ ഷിഹാദിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.

നരഹത്യാശ്രമമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ നവംബർ മൂന്നിന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശേരിയിൽ ഷോപ്പിങിനെത്തിയതായിരുന്നു മുഹമ്മദ് ഷിഹാബും കുടുംബവും. റോഡരികിൽ നിർത്തിയിട്ട കാറിൽ രാജസ്ഥാൻ സ്വദേശിയായ ബലൂൺ വിൽപന നടത്തുന്ന ബാലൻ ഗണേശൻ ചാരി നിൽക്കുന്നതു കണ്ട ഷിഹാദ് പ്രകോപിതനായി ചവുട്ടി തെറിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുകയും കാറിന്റെ നമ്പർ തലശേരി ടൗൺ പൊലിസിന് കൈമാറുകയും തോളെല്ലിന് പരുക്കേറ്റ നാടോടിബാലനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അന്നേ ദിവസം രാത്രി പതിനൊന്നുമണിയോടെ ഷിഹാദിനെ തലശേരി പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് പിറ്റേദിവസം രാവിലെ പ്രതിയുടെ പൊന്ന്യത്തെ വീട്ടിൽ പോയി അറസ്റ്റു ചെയ്തത്. സംഭവത്തിൽ പൊലിസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന തലശേരി എ.സി.പി നിഥിൻരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ക്രൈംബാഞ്ചിലേക്ക് മാറ്റിയത്. ഇരുപതു ദിവസം കൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.