- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തിനാണ് 56 കോടി രൂപ ചെലവഴിച്ചത്'? മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും മാത്രം; സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ല; കുറ്റപ്പെടുത്തലുമായി കെ മുരളീധരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. കുറ്റിയടിച്ച ഭൂമിയിൽ ആളുകൾക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് 56 കോടി രൂപ സർക്കാർ ചെലവഴിച്ചതെന്നും കെ മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
മലബാറിൽ പാർട്ടി ഗ്രാമങ്ങളിൽ പോലും കെ റെയിലിന്റെ കല്ലിടാൻ സർക്കാരിന് ആയില്ല. മുഴുവൻ ഭൂമിയും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞത്ത് സർക്കാരും അദാനിയും വാക്ക് പാലിച്ചില്ലെന്നും അതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്താണ് വകുപ്പിന്റെ ചുമതലയെന്ന് അഹമ്മദ് ദേവർ കോവിലിന് അറിയില്ല. വേണ്ടത്ര വിവരങ്ങൾ മുഖ്യമന്ത്രിയും മന്ത്രിക്ക് നൽകിയില്ലെന്ന് പറഞ്ഞ കെ മുരളീധരൻ, മുഖ്യമന്ത്രി എന്തുകൊണ്ടാണ് ചർച്ചയ്ക്ക് നേരിട്ട് വിളിക്കാത്തതെന്നും ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരം സമുദായ സമരമാക്കി പിണറായി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ വിഭജന തന്ത്രമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് വിമർശിച്ച കെ മുരളീധരൻ, സ്റ്റേഷൻ ആക്രമിച്ചതിനെ പിന്തുണക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ അതിലേക്ക് നയിച്ചത് സർക്കാറാണെന്നും അദ്ദേഹം വിമർശിച്ചു.
സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കരുതെന്ന് പറഞ്ഞ കെ മുരളീധരൻ, പദ്ധതി ഉപേക്ഷിക്കണമെന്ന് പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. ആശങ്കകൾ പരിഹരിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.




