കണ്ണൂർ: അപ്രീതിയുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിന് മേലുള്ള കടന്നാക്രമണം അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവണർ പദവിയുടെ അന്തസ്സിന് ചേർന്നതല്ല. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് തളക്കാനാണ് മുഖ്യമന്ത്രിയും ഗവർണറും ശ്രമിക്കുന്നത്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചതിലൂടെ ഗവർണർക്കും മുഖ്യമന്ത്രിക്കും ഒരേ മുഖമാണെന്ന് വ്യക്തമായി.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് നടപടി ശക്തമായി എതിർക്കേണ്ടതാണ്. അസഹിഷ്ണുതയോടെയാണ് ഗവർണർ പലപ്പോഴും മാധ്യമങ്ങളെ നേരിടുന്നത്. നേരത്തെയും ഗവർണർക്ക് താൽപര്യമില്ലാത്ത ജയ്ഹിന്ദ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ യശസ് ഉയർത്തപ്പെടുന്നത് നിഷ്പക്ഷ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണെന്നത് ഗവർണർ വിസ്മരിക്കരുതെന്നും സുധാകരൻ പറഞ്ഞു.