കണ്ണൂർ: സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുന്നാക്ക സംവരണം കോൺഗ്രസ് വളരെ മുമ്പേ തന്നെ ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ നിലവിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത്.

ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. നിലവിൽ ലഭിക്കുന്നവരുടെ ആനുകൂല്യങ്ങൾക്ക് പോറലേൽപ്പിക്കാതെ തന്നെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകുക എന്നത് അനിവാര്യമാണ്. സാമൂഹിക നീതിയാണ് എന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വരുമാന പരിധിയായ 8 ലക്ഷം വളരെ കൂടുതലാണ്. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്. എട്ട് ലക്ഷം പരിധി ആയി സ്വീകരീച്ചാൽ അർഹിക്കാത്തവർക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ് .സിപിഐഎം പാർലമെന്റിലും ഇക്കാര്യം എതിർത്തതാണ് എന്നും സീതാറാം യെച്ചൂരി പറഞ്ഞു.