കൊച്ചി: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. മാർച്ച് തുടങ്ങിയതിനാൽ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ ബെഞ്ച് അറിയിച്ചു.

സർക്കാർ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിച്ച് മാർച്ചിൽ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. ഇതിന് തെളിവ് എവിടെയെന്നു കോടതി ആരാഞ്ഞു. മാർച്ചിൽ പങ്കെടുക്കുന്ന ജീവനക്കാർ ആരൊക്കെയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കോടതി ചോദിച്ചു. തെളിവുകൾ കൈവശമില്ലെന്ന് അഭിഭാഷകൻ മറുപടി നൽകിയപ്പോൾ ഹർജി തീർപ്പാക്കുന്നതായി കോടതി അറിയിച്ചു. ചീഫ് സെക്രട്ടറിക്കു പരാതി നൽകിയിട്ടുണ്ടെങ്കിൽ പരിശോധിച്ചു നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധ മാർച്ച് ഭരണഘടനാ പദവിയുള്ള സംസ്ഥാന ഭരണത്തലവനെതിരായിട്ടുള്ള നിയമലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.