- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പിനിരയായ എല്ലാ ബാങ്കുകളിലെയും നിക്ഷേപകർക്ക് കേരളബാങ്കിൽ നിന്നും പണം കൊടുക്കണം; സുരേഷ് ഗോപിയുടെ പദയാത്രയുടെ വൻവിജയം സിപിഎമ്മിനെയും കോൺഗ്രസിനെയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ പോലെ കണ്ടല സഹകരണ ബാങ്കിലെ ഉൾപ്പെടെ തട്ടിപ്പിനിരയായ എല്ലാ നിക്ഷേപകർക്കും കേരള ബാങ്കിൽ നിന്നും പണം കൊടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ഇപ്പോൾ സഹകാരികളുടെ കണ്ണിൽപ്പൊടിയിടുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ ഉന്നതർ നടത്തിയ തട്ടിപ്പിനിരയായവർക്ക് നഷ്ടപരിഹാരം നൽകേണ്ടതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്. മന്ത്രി വാസവൻ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പദയാത്രയുടെ വൻവിജയം സിപിഎമ്മിനെയും കോൺഗ്രസിനെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. പദയാത്രയിൽ സഹകാരികളും സിപിഎം-കോൺഗ്രസ് അണികളും പങ്കെടുത്തത് ബിജെപിയിലുള്ള വിശ്വാസം കൊണ്ടാണ്. കരുവന്നൂരിൽ തട്ടിപ്പിന് ഇരയായവർക്ക് വേണ്ടിയാണ് സുരേഷ് ഗോപി 18 കിലോമീറ്റർ നടന്നത്. ബിജെപി ഈ വിഷയം മാനുഷികമായിട്ടാണ് കാണുന്നത്. എന്നാൽ സിപിഎമ്മും കോൺഗ്രസും സഹകാരികളുടെ ജീവിത പ്രശ്‌നത്തെ രാഷ്ട്രീയമായി മാറ്റാനാണ് ശ്രമിക്കുന്നത്.
സഹകരണ സംരക്ഷണ പദയാത്രയ്ക്ക് ശേഷമുള്ള സഹകരണമന്ത്രിയുടേയും ചില കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവനകൾ അവരുടെ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. സഹകരണ മേഖല സുതാര്യമാക്കാനുള്ള ബിജെപിയുടെ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും. ഇന്ന് കണ്ടല സഹകരണ ബാങ്കിന് മുമ്പിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉപവസിക്കും. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശിവകുമാറിന്റെ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് പൊലീസ് അന്വേഷിക്കാത്തത് സിപിഎം-കോൺഗ്രസ് സഹകരണത്തിന്റെ തെളിവാണ്. മാവേലിക്കര ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് ഒതുക്കിത്തീർക്കാനാണ് സർക്കാരിന്റെ നീക്കം. പ്രത്യുപകാരമായി കണ്ടലയിലും കരുവന്നൂരിലും കോൺഗ്രസ് മൗനം പാലിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.




