കണ്ണൂർ: യാത്രക്കാരെ ഞെക്കിപിഴിഞ്ഞ് കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കണ്ണൂർ വിമാനത്താവളത്തിൽ ആഭ്യന്തരടിക്കറ്റ് നിരക്ക് കൂടുതലാണെന്നാണ് പരാതി. ചിലറൂട്ടുകൾ വിമാനക്കമ്പിനികളുടെ കുത്തകയായതാണ് നിരക്ക് ഉയരാൻ കാരണമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒന്നിലേറെ കമ്പിനികൾ സർവീസ് നടത്തുന്ന റൂട്ടുകളിലെ നിരക്ക് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലെതിനു തുല്യമാണെന്നും പ്രവാസി സംഘടനാ നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യാ വിമാനം മാത്രമാണ് സർവീസ് നടത്തുന്നത്. 11,000രൂപയോളം വരും ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്നാണെങ്കിൽ പതിനായിരത്തിൽ താഴെയാണ് നിരക്ക്. രണ്ടായിരം രൂപയോളം കുറവാണ് ഇതിലൂടെ ലഭിക്കുന്നത്. 3800നും 4200രൂപവരെയാണ് കണ്ണൂരിനും മുംബൈയ്ക്കും ഇടയിൽ ടിക്കറ്റ് നിരക്ക്. സമ്മർ ഷെഡ്യൂളിൽ ഗോഫസ്റ്റിനു പുറമേ ഇൻഡിഗോയും മുംബൈ സെക്ടറിൽ സർവീസ് നടത്തിയ സമയത്ത് നിരക്ക് വളരെ കുറവായിരുന്നു. 5500നും 7500നുമിടെയാണ് ഹൈദരബാദിലെ വിമാനനിരക്ക്.

രണ്ടുദിവസം പ്രതിദിന സർവീസുള്ള ബംഗ്ളൂരിലേക്ക് 4700രൂപയ്ക്കു മുകളിലാണ് നിരക്ക്. ചൊവ്വാഴ്‌ച്ചകളിൽ ബംഗ്ളൂരിലേക്ക് മൂന്ന് സർവീസുകളുണ്ടെങ്കിലും ടിക്കറ്റ് നിരക്കിൽ കുറവൊന്നുമുണ്ടാകാറില്ല. ചെന്നൈ സെക്ടറിൽ മാത്രമാണ് താരതമ്യേനെ നിരക്ക് കുറവുള്ളത്. ഒരു മണിക്കൂർ 50 മിനുറ്റ് പറക്കേണ്ട കണ്ണൂരിനും ചെന്നൈയ്ക്കും ഇടയിൽ 3600 രൂപമുതലാണ് നിരക്ക്. മുംബൈയിലേക്ക് ഗോ ഫസ്റ്റും ന്യൂഡൽഹിയിലേക്ക് എയർ ഇന്ത്യയും മാത്രമാണ് സർവീസ് നടത്തുന്നത്.

മറ്റുസ്ഥലങ്ങളിലേക്ക് ഇൻഡിഗോ മാത്രമാണുള്ളത്. ഒന്നിൽ കൂടുതൽ വിമാനസർവീസുകവ ഒരേ റൂട്ടിൽ സർവീസ് തുടങ്ങിയാൽ മാത്രമാണ് ടിക്കറ്റു നിരക്ക് കുറയുന്നത്. എന്നാൽ നവാഗത വിമാനത്താവളമായ കണ്ണൂരിനെ സംബന്ധിച്ചിടുത്തോളം ഈക്കാര്യം മരീചികയായി തുടരുകയാണ്.