കണ്ണൂർ; കണ്ണൂർ നെടുംപൊയിൽ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിട്ട് 100 ദിവസം തികയുന്നു.മൂന്ന് ജീവനുകൾ ആയിരുന്നു ഉരുൾപൊട്ടലിലൂടെ പ്രകൃതി കവർന്നത്.അപകടത്തിൽ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗമായ കൃഷിഭൂമി നഷ്ടപ്പെടുകയും ചെയ്തു.എന്നാൽ സർക്കാരിനോട് അപകടത്തിന് ശേഷം തങ്ങൾ ആവശ്യപ്പെട്ട നടപടികളോ ക്വാറിയുടെ പ്രവർത്തനം തടയുന്നതിനുള്ള നീക്കങ്ങളോ ഒന്നും തന്നെ ഉണ്ടാവാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

പ്രതിഷേധത്തിന്റെ ഭാഗമായി നൂറാം ദിവസമായ ഇന്നലെ നെടുംപൊയിൽ നെടുമ്പുറം ചാൽ പ്രദേശത്ത് വേറിട്ട ജനകീയ സമരമാണ് നടന്നത്.പ്രതീകാത്മകമായി ശവമഞ്ചം ചുമന്ന് പ്രതിഷേധ ജാഥ,പ്രതീകത്മകമായി തന്നെ കർഷകരുടെ ശവം ദഹിപ്പിക്കൽ തുടങ്ങിയ പ്രതിഷേധ പരിപാടികളാണ് നടന്നത്.നെടുംപുറംചാൽ,പൂളക്കുറ്റി ജനകീയ സമിതിയാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

അപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേരുടെയും അനുസ്മരണവും പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട് കർഷകനായ രവീന്ദ്രൻ ചാത്തംപള്ളി ഉദ്ഘാടനം ചെയ്തു.ഏക്കർ കണക്കിന് കൃഷിഭൂമിയാണ് കർഷകർക്ക് നഷ്ടപ്പെട്ടത്.ഇപ്പോഴും ഈ പ്രദേശത്തെ കർഷകർ ഭീതിയിലാണ് കഴിയുന്നത്. നൂറാം ദിനത്തിന്റെ ഓർമ്മയ്ക്കായി പ്രദേശവാസികൾ ചേർന്ന് 100 ദീപം തെളിയിച്ചു.

ഉരുൾപൊട്ടലിൽ മരിച്ച നുമ തസ്ലിൻ , മണാലി ചന്ദ്രൻ, അരുവിക്കൽ രാജേഷ് എന്നിവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ പുഷ്പാഞ്ജലിയും നടത്തി. ഈ പ്രദേശത്ത് ഏതാനും വർഷങ്ങളായി ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.ഇതിനെതിരെ നാട്ടുകാർ പലവിധത്തിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും ഒരു മാറ്റവും വരാതെ ഈ ക്വാറി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഈ ക്വാറിയാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

മതിയായ രേഖകൾ പോലും ഇല്ലാതെയാണ് ഈ പ്രദേശത്ത് ക്വാറി പ്രവർത്തിച്ചു വരുന്നത് എന്നും ക്വാറിയിൽ പടക്കം പൊട്ടിക്കുന്നത് പ്രകൃതിയെ ദുർബലമാക്കുന്നു എന്നും പഠനങ്ങൾ ഉണ്ട്. എന്നിട്ടും അധികൃതർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിഭൂമിയും മറ്റും നഷ്ടപ്പെട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. പല ആളുകളുടെയും വാതിലിൽ മുട്ടിയെങ്കിലും ഇതിന് ഒരു പോംവഴിയും ആയില്ല എന്നും നാട്ടുകാർ പറയുന്നു.

ആരെങ്കിലും ഈ ക്വാറിക്കെതിരെ പ്രതിഷേധം നടത്തിയാൽ അവരെ പണം കൊടുത്തു വശത്താക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തുകയോ ചെയ്യുകയാണ് ക്വാറി ഉടമസ്ഥർ ചെയ്യുന്നത്. ഒരു മഴ ഇനിയും തകൃതിയായി പെയ്താൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാവാനുള്ള എല്ലാ സാധ്യതയും ഈ പ്രദേശത്തുണ്ട് എന്നും ഇപ്പോഴും തങ്ങളുടെ ഉള്ളിൽ ഭയമാണ് ജീവിക്കാൻ എന്നും നാട്ടുകാർ പറയുന്നു. അധികൃതർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതീകാത്മക ശവമഞ്ചം ഒരുക്കിയുള്ള പ്രതിഷേധം നടത്തിയത്.