- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പാ കേസിലെ ജയിൽ ശിക്ഷക്കുശേഷം പുറത്തിറങ്ങി; പിന്നാലെ പള്ളിയിലെ പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമം; കൂത്തുപറമ്പിൽ ബോംബേറ് കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ
കൂത്തുപറമ്പ്:കാപ്പ കേസിൽ ജയിൽശിക്ഷക്ക് ശേഷം പുറത്തിറങ്ങി മോഷണം നടത്തിയ യുവാക്കൾ പിടിയിലായി.മെരുവമ്പായി പള്ളിയിലെ അൻപതിനായിരം രൂപയുടെ പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് പടുവിലായിയിലെ വി.മഞ്ജുനാഥ് (23), വേങ്ങാട് കുരിയോട്ടെ പി.വി.നിഥിൻ (32) എന്നിവരെ കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയും സംഘവും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് പള്ളിയിൽ മോഷണശ്രമം നടന്നത്.രാത്രിയിൽ പള്ളിയിലെ പാചകശാലയിൽ കടന്ന മോഷ്ടാക്കൾ വിലപിടിപ്പുള്ള പാരത്രങ്ങളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.തുടർന്ന് ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ബൈക്ക് നിരീക്ഷിച്ചുവന്നിരുന്ന അന്വേഷണ സംഘം തിങ്കളാഴ്ച രാത്രി പാതിരിയാട് പാലയിൽ വാഹനം നിർത്തിയിട്ടതായി കണ്ടെത്തി.തുടർന്നവിടെയെത്തിയ പൊലീസ് സംഘം സമീപത്ത് നിന്നും മഞ്ജുനാഥിനെയും കാണുകയും തുടർന്ന് ചോദ്യംചെയ്തപ്പോൾ മോഷണശ്രമത്തിൽ ഇയാൾക്ക് പങ്കുള്ളതായി പൊലീസ് ഉറപ്പിക്കുകയും ചെയ്തു.സംഭവത്തിൽ ഉൾപ്പെട്ട നിഥിനെ പിന്നീട് കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.
കാപ്പ കേസിൽ ജയിലിൽ കഴിഞ്ഞ മഞ്ജുനാഥ് ഒരു മാസം മുൻപാണ് ശിക്ഷക്ക് ശേഷം നാട്ടിലെത്തിയത്.ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസിലും ബോംബേറ് കേസിലും ഇയാൾ പ്രതിയാണ്.മോഷണം ഉൾപ്പെടെ അഞ്ചോളം കേസുകളിലും പ്രതിയാണ് മഞ്ജുനാഥെന്നും പൊലീസ് പറഞ്ഞു.എസ്‌ഐ. ദീപ്തി, സിവിൽ പൊലീസ് ഓഫീസർ പ്രശോഭ് എന്നിവരും ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയോടൊപ്പം സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




