കൊച്ചി: കരുവന്നൂർ കേസിൽ സ്വത്തുവിവരങ്ങൾ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന്റെ പ്രതിനിധികൾ ഇഡി ഓഫീസിലെത്തി കൈമാറി. ആദായനികുതി രേഖകളും കുടുംബാംഗങ്ങളുടെ ആസ്തിവിവരങ്ങളും ഇന്ന് ഹാജരാക്കാൻ ഇഡി കണ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി നല്കിയ മൂന്നാമത്തെ നോട്ടീസിനു പിന്നാലെയാണ് പ്രതിനിധികൾ എത്തിയത്. കണ്ണൻ ഹാജരായില്ല.

ആദായ നികുതി രേഖകൾ, സ്വയാർജിത സ്വത്തുക്കൾ, കുടുംബാംഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് കണ്ണനോട് നിർദേശിച്ചിരുന്നത്. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് സിപിഎം നേതാവായ എം.കെ. കണ്ണൻ. നേരത്തെ രണ്ടുതവണ എം.കെ. കണ്ണനോട് ഇക്കാര്യം ഇഡി ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നിരുന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ഇനി വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും ഇഡി വൃത്തങ്ങൾ സൂചന നല്കിയിരുന്നു.

കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ എം.കെ. കണ്ണന് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കരുവന്നൂർ കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി കണ്ണന് ബിനാമി ഇടപാടുകൾ ഉണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.