തിരുവനന്തപുരം: കരുവന്നൂരിൽ കൊള്ള നടത്തിയത് സിപിഎം തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇഡി റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂരിലെ അഴിമതിക്ക് നേതൃത്വം കൊടുത്തത് സിപിഎം ജില്ലാ കമ്മിറ്റിയാണ്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് കൊള്ള നടന്നത്. കൊള്ളക്കാരുടെ ഭരണമാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. ഇത്രയും കാര്യക്ഷമതയില്ലാത്ത സർക്കാർ മുമ്പ് കേരളം ഭരിച്ചിട്ടില്ലെന്നും സതീശൻ വിമർശിച്ചു. കേരളം നികുതി വെട്ടുപ്പുകാരുടെ പറുദീസയായി മാറിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

കരുവന്നൂർ തട്ടിപ്പിലെ ഒന്നാം പ്രതി സതീഷ് കുമാർ താനാണെന്ന് പറഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ പ്രചരണം നടത്തിയ ആളുകളാണ് സിപിഎം. അവർ ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയാണ് പതിവ്. മെഡിക്കൽ ഓഫീസർ നിയമനക്കോഴയിൽ ഉൾപ്പെട്ടത് സിപിഎം നേതാക്കളാണെന്നും സതീശൻ ആരോപിച്ചു. മന്ത്രിയുടെ പിഎ നിരപരാധി ആണെങ്കിൽ മന്ത്രിയുടെ ഓഫീസിന് തന്നെ പരാതി നൽകിയത് എന്തിനാണ്. ഹരിദാസന്റെ പരാതിയിൽ അന്വേഷണം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സതീശൻ ചോദിച്ചു. വിഷയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ അന്വേഷണം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു.