കൊച്ചി: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന് പ്രതിരോധ മേഖലയിൽ നിന്ന് 105 കോടിയുടെ ഓർഡർ. പ്രതിരോധ മേഖലയിൽ നിന്ന് കെഎംഎംഎല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ ഓർഡറാണിത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിർമ്മാണത്തിനാണ് ടൈറ്റാനിയം സ്‌പോഞ്ചിന് വേണ്ടിയുള്ള ഓർഡർ. വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നേവിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ടൈറ്റാനിയം സ്‌പോഞ്ച് വിപണനത്തിന് പുതിയ സാധ്യത തുറന്നത്.

5 വർഷങ്ങളിലായി വിവിധ ഗ്രേഡുകളിലുള്ള 650 ടണ്ണിന്റെ ഓർഡറാണ് ലഭിച്ചത്. ബഹിരാകാശ മേഖലയിൽ ഉപയോഗിക്കുന്ന ഗ്രേഡിന് പുറമെ ഉൽപാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്‌പോഞ്ച് കമ്പനിയിൽ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പുതിയ ഓർഡർ ലഭിച്ചതോടെ ടൈറ്റാനിയം സ്‌പോഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വിവിധ പദ്ധതികൾക്ക് ഉപയോഗിക്കാനാകും.

ജനുവരിയിൽ വ്യവസായ മന്ത്രി പി രാജീവുമായുള്ള ചർച്ചയെ തുടർന്ന് വിപണനം സമയബന്ധിതമായി നിർവ്വഹിക്കാൻ വർക്കിങ്ങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതെത്തുടർന്ന് നേവിയിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം കെഎംഎംഎൽ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് റിയാബിന്റെ നേതൃത്വത്തിലും ചർച്ചകൾ നടന്നു. ഇതേത്തുടർന്നാണ് ഓർഡർ ലഭിച്ചത്.

പുതിയ ഓർഡർ വർഷങ്ങളായി കമ്പനിയിൽ കെട്ടിക്കിടക്കുന്ന നോൺ എയറോസ്‌പേസ് ഗ്രേഡ് ടൈറ്റാനിയം സ്‌പോഞ്ചിനും വിപണി കണ്ടെത്താൻ വഴി തുറന്നിരിക്കുകയാണ്. ഭാവിയിലും കൂടുതൽ ഓർഡറുകൾ വിവിധ ആവശ്യങ്ങൾക്കായി പ്രതിരോധമേഖലയിൽ നിന്നും കെഎംഎംഎല്ലിന് ലഭ്യമാക്കാനും ധാരണയായിട്ടുണ്ടെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി.