കൊച്ചി: കൊച്ചി മെട്രോയിൽ ബുധനാഴ്ച മുതൽ വാട്സ്ആപ്പിലും ടിക്കറ്റെടുക്കാം. ഇംഗ്ലീഷിൽ 'ഹായ്' എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്‌സ്ആപ്പിലൂടെ ടിക്കറ്റെടുക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരുമിനിറ്റ് കൊണ്ട് ഓൺലൈനിലൂടെ ടിക്കറ്റ് എടുക്കാൻ സാധിക്കും.

മെട്രോ യാത്രികർ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോർജ് നടത്തി. 9188957488 എന്ന നമ്പർ സേവ് ചെയ്താണ് വശ എന്ന വാട്സ്ആപ്പ് സന്ദേശം അയക്കേണ്ടത്. മറുപടി സന്ദേശത്തിൽ qr ticketലും തുടർന്ന് book tickte ലും ക്ലിക്ക് ചെയ്യുക.

യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകൾ, യാത്രികരുടെ എണ്ണം എന്നിവ നൽകി ഇഷ്ടമുള്ള ഓൺലൈൻ സംവിധാനത്തിലൂടെ പണമടയ്ക്കാം. ടിക്കറ്റിന്റെ ക്യൂആർ കോഡ് മൊബൈലിൽ എത്തും. ക്യാൻസൽ ചെയ്യാനും വശ എന്ന സന്ദേശമയച്ചാൽ മതി.