കോട്ടയം:കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടിയിൽ ചേർന്നവരുടെ പ്രവാസിക്ഷേമനിധി അംശദായം അടയ്ക്കുന്നത് മുടങ്ങിയിട്ട് മാസങ്ങളാകുന്നു.കെ.എസ്.എഫ്.ഇ. അടച്ചുവന്ന അംശദായം മെയ്‌ മുതലാണ് മുടക്കിയിരിക്കുന്നത്.നീണ്ടകാലം അംശദായം കുടിശ്ശികയായാൽ ക്ഷേമനിധിവ്യവസ്ഥകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രത്യേക ചിട്ടി ചേർന്ന പ്രവാസികൾക്ക് ലഭിക്കില്ല.

പ്രവാസികളെ കൂടുതലായി ആകർഷിക്കാനുള്ള പദ്ധതിയായാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിവരിക്കാരുടെ അംശദായം അടവ് ഏറ്റെടുത്തത്. എന്നാൽ വിദേശത്തുള്ള ക്ഷേമനിധി അംഗങ്ങളുടെ അംശദായം മുമ്പ് 300 രൂപയായിരുന്നത് 350 രൂപയായി ക്ഷേമനിധിബോർഡ് വർധിപ്പിച്ചതോടെ തുക അടയ്ക്കുന്നത് നിർത്തി.പുതുതായി ചിട്ടിയിൽചേരുന്നവർക്ക് ഈ പ്രത്യേക ആനുകൂല്യം നൽകുന്നില്ലെങ്കിലും മുമ്പ് ചേർന്നവരുടെ ചിട്ടി കാലാവധി പൂർത്തിയാകുംവരെ തുകയടയ്ക്കുമെന്ന് കെ.എസ്.എഫ്.ഇ. അധികൃതർ പറയുന്നുണ്ട്. ഇതു പറയുമ്പോൾ തന്നെ ക്ഷേമനിധിബോർഡിൽനിന്നും അംഗങ്ങൾക്ക് കുടിശ്ശികനോട്ടീസ് മുടക്കമില്ലാതെ വരികയും ചെയ്യുന്നുണ്ട്.

വർധിപ്പിച്ച അംശദായത്തുക ഹെഡ് ഓഫീസിൽനിന്നും അനുവദിക്കുന്ന മുറയ്ക്ക് അടച്ചുകൊള്ളാമെന്നാണ് ഇടപാടുകാർക്ക് കെ.എസ്.എഫ്.ഇ.യിൽനിന്ന് ലഭിക്കുന്ന മറുപടി. 73,000-ലേറെ പേരാണ് 2200 പ്രവാസിച്ചിട്ടികളിലായി വരിക്കാരായുള്ളത്.