കൊച്ചി:ഗവർണ്ണറുടെ ഉത്തരവ് പ്രകാരമുള്ള സാങ്കേതികസർവകലാശാലാ താൽക്കാലിക വിസി യായി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി.താത്ക്കാലിക വി സി നിയമനത്തിന് സ്‌റ്റേയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി താൽക്കാലിക വി സി യുടെ നിയമനം തടയണമെന്ന സർക്കാർ ആവശ്യം തള്ളി.

സിസ തോമസിന്റെ നിയമനം ചോദ്യംചെയ്തുള്ള സർക്കാർ ഹർജിയിൽ ചാൻസലർക്ക് ഹൈക്കോടതി നോട്ടീസയച്ചു.വഷയത്തിൽ സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.കേസിൽ യുജിസിയെയും കോടതി കക്ഷിചേർത്തു.

എന്നാൽ ഇക്കാര്യത്തിൽ വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.നിയമിക്കപ്പെട്ടയാളെ വെറുതെ ഇറക്കിവിടാനാകില്ലെന്നും കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.നിയമനത്തെ നിയമപരമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

നേരത്തെ ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം താൽക്കാലിക വൈസ് ചാൻസിലറായി ചുമതല ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ സർവ്വകലാശാലാ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.ഓഫീസിനകത്ത് ഇടതുപക്ഷ അനുകൂല സംഘടനയിപ്പെട്ട ജീവനക്കാരും ശക്തമായ പ്രതിഷേധമാണ് സിസ തോമസിനെതിരെ രേഖപ്പെടുത്തിയത്.ഇതിന് പിന്നാലെയായിരുന്നു താൽക്കാലിക വ.സി യുടെ നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സർക്കാർ കോടതിയെ സമീപിച്ചത്.