തിരുവനന്തപുരം: തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷമാണ് അവധി. വെട്ടുകാട് തിരുനാൾ പ്രമാണിച്ചാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ 10 ദിവസത്തെ തിരുനാൾ മഹോത്സവം നാളെ കൊടിയേറും. വൈകിട്ട് 6.30ന് ഇടവക വികാരി ഡോ ജോർജ് ജെ ഗോമസ് കൊടിയേറ്റും. തുടർന്ന് ക്രിസ്തുരാജ പാദപൂജ നടക്കും.

13ന് രാവിലെ മലങ്കര ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സമൂഹദിവ്യബലി നടക്കും. 18ന് വൈകിട്ട് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ആർ ക്രിസ്തുദാസ് സമൂഹദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.

19ന് വൈകിട്ട് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകാണ്ടുള്ള പ്രദക്ഷിണം നടക്കും. വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറ പള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തിയ ശേഷം തിരികെ ദേവാലയത്തിലെത്തും. 20ന് വൈകിട്ട് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ മുഖ്യകാർമ്മികനാകും.