പാലക്കാട്: വളഞ്ഞ വഴിയിൽ സീറ്റുണ്ടാക്കാൻ വേണ്ടിയാണ് കോൺഗ്രസിന്റെ വിജയത്തിന് വേണ്ടി ബിജെപി പരിശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്തെ കോൺഗ്രസ് ബിജെപി അവിശുദ്ധ ബന്ധം പുറത്തായിരിക്കുന്നുവെന്നും അതിന്റെ കൃത്യമായ തെളിവാണ് ആറ്റിങ്ങലിൽ നിന്നും പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാനാണ് ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത്. ആരോപണമല്ല പുറത്തു വന്നിരിക്കുന്നതെന്നും കൃത്യമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കോൺഗ്രസ്-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതിന് ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ മറുപടി പറയണം.വർഗീയ ശക്തിയായ എസ്ഡിപിഐയും കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. പരാജയഭീതി മൂലമാണ് കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കൾ മിണ്ടുന്നില്ല.

എന്തുകൊണ്ടാണ് പ്രത്യക്ഷത്തിൽതന്നെ ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥികളെ ജയിപ്പിക്കാനായി രംഗത്തുവരുന്നതിന്റെ കാരണം. കേരളത്തിൽ ബിജെപിക്ക് സീറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. വളഞ്ഞ വഴിയിൽ ബിജെപിക്ക് സീറ്റുണ്ടാക്കാൻ വേണ്ടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പരിശ്രമിക്കുന്നത്. ബിജെപിക്ക് രണ്ടക്ക സീറ്റു കിട്ടുമെന്നാണ് കേരളത്തിലെത്തി പ്രധാനമന്ത്രി പറഞ്ഞത്. ജയിക്കുമെന്നല്ല. രണ്ടക്ക സീറ്റ് ജയിക്കുമെന്നു പറഞ്ഞാൽ പരിഹാസ്യമാകുമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് രണ്ടക്ക സീറ്റ് കിട്ടുമെന്നു പറഞ്ഞത്. കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് കിട്ടും എന്നാണ് പറയുന്നതിന്റെ അർഥം.

ഒരു ഭാഗത്ത് ബിജെപിയോട് ഒത്തുകളിക്കുന്നതൊപ്പം മറുഭാഗത്ത് എസ്ഡിപി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ബിജെപിക്ക് സീറ്റുണ്ടാക്കാനുള്ള എളുപ്പവഴി സ്വന്തമായി വോട്ടു പിടിക്കുന്നതിനേക്കാൾ കോൺഗ്രസിനെ സഹായിക്കുന്നതാണ് എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസ് ജയിച്ചാൽ തങ്ങൾക്ക് വരും എന്ന ഉറപ്പാണ് അതിനു കാരണമെന്നും എം ബി രാജേഷ് പറഞ്ഞു.

നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജയരാജ് കൈമളാണ് ആറ്റിങ്ങൾ പാർലമെന്റ് മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ജയരാജിന്റെ ശബ്ദരേഖ വാർത്താ ചാനൽ പുറത്തുവിട്ടിരുന്നു. കേന്ദ്രസഹമന്ത്രിയും ആറ്റിങ്ങലിലെ ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരന്റെ അറിവോടെയാണ് വോട്ട് മറിച്ചതെന്നും ജയരാജിന്റെ സംഭാഷണത്തിൽ വ്യക്തമാണ്. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപി കോൺഗ്രസ് വോട്ട് കച്ചവടം നടക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് വെളിപ്പെടുത്തൽ.