- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കലകളുടെ സംഗമ ഭൂമികയായ മയ്യഴിപ്പുഴയുടെ തീരത്തെ മലയാള കലാഗ്രാമത്തിൽ കഥയുടെ കുലപതി ടി.പത്മനാഭന്റെ വെങ്കല ശിൽപ്പം സ്ഥാപിക്കുന്നു. മദിരാശിയിലെ പ്രമുഖ വ്യവസായിയും മാഹി കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയുമായ എ.പി.കുഞ്ഞിക്കണ്ണന്റെ താത്പര്യത്തിൽ, പ്രമുഖ ശിൽപ്പി മനോജ് കുമാറാണ് അർദ്ധകായ വെങ്കല ശിൽപ്പമൊരുക്കിയത്. 96 കാരനായ എ.പി.ക്കും 94 കാരനായ ടി.പത്മനാഭനും തമ്മിൽ ഏഴ് പതിറ്റാണ്ട് നീളുന്ന ആത്മസൗഹൃദമുണ്ട്.
മലയാളകലാഗ്രാമത്തിന്റെ ആദരസമർപ്പണമെന്നോണമാണ് കലാഗ്രാമത്തിന്റെ സംസ്ഥാപനത്തിന് വഴികാട്ടിയായി ഇന്നോളം നിന്ന ടി.പത്മനാഭന്റെ ശിൽപം അനാച്ഛാദനം ചെയ്യുന്നത്. നവംബർ 21 ന് രാവിലെ 11 .30 ന് മാഹി മലയാള കലാഗ്രാമത്തിൽ വിശ്വ പൗരൻ ഡോ: ശശി തരൂർ എംപി.പ്രതിമ നാടിന് സമർപ്പിക്കും. ടി പത്മനാഭന്റെ സാന്നിധ്യത്തിലാണ് ശിൽപ്പത്തിന്റെ അനാച്ഛാദന കർമ്മം നിർവ്വഹിക്കുക .
അക്ഷരകലയുടെ അമൃതസാഫല്യമായ ടി .പത്മനാഭന്റെ അക്ഷരങ്ങളിലൂടെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ ,കഥാസന്ദർഭങ്ങൾ എന്നിവ ഇതിവൃത്തമാക്കി, പ്രമുഖരായ 20 ചിത്രരചയിതാക്കൾ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും പുനരാവിഷ്‌ക്കാരം നടത്തുന്ന ചിത്ര കലാക്യാമ്പിന്റെ ഉദ്ഘാടനം നവംബർ 19 ന് രാവിലെ 10 മണിക്ക് ഡോ: മഹേഷ് മംഗലാട്ടിന്റെ അദ്ധ്യക്ഷതയിൽ ടി. പത്മനാഭൻ കലാഗ്രാമത്തിൽ നിർവ്വഹിക്കും.
ചിത്രകലാ ക്യാമ്പിലെ രചനകളുടെ പ്രദർശനോദ്ഘാടനം മലയാള കലാഗ്രാമത്തിലെ എം വി ദേവൻ ആർട് ഗ്യാലറിയിൽ .ടി .പത്മനാഭനും കലാഗ്രാമം മാനേജിങ് ട്രസ്റ്റി .എ .പി .കുഞ്ഞിക്കണ്ണനും നവംബർ 21 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും. 21 ന് രാവിലെ 11 .30 ന് നടക്കുന്ന ആദരസമ്മേളനം ഡോ: എ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ അഡ്വ .എ .എൻ .ഷംസിർ ഉദ്ഘാടനം ചെയ്യും.,ഡോ .ശശി തരൂർ എംപി.മുഖ്യാതിഥിയാവും. .എം .കെ .രാഘവൻ എം .പി മുഖ്യാതിഥിയായിരിക്കും. ടി.പത്മനാഭൻ - കഥയും ജീവിതവും എന്ന വിഷയത്തിൽ നാരായണൻ കാവുമ്പായി പ്രഭാഷണം നടത്തും. മാനേജിങ്ങ് ട്രസ്റ്റി എ .പി .കുഞ്ഞിക്കണ്ണൻ , ടി പത്മനാഭൻ ,കെ എ ജോണി ,അർജ്ജുൻ പവിത്രൻ സംസാരിക്കും. ശിൽപ്പി മനോജ് കുമാറിനെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ:എ.പി.ശ്രീധരൻ, ജനറൽ കൺവിനർ ഡോ: മഹേഷ്മംഗലാട്ട്,കലാഗ്രാമം അഡ്‌മിനിസ്‌ട്രേറ്റർ പി. ജയരാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചാലക്കര പുരുഷു, സ്വീകരണ കമ്മിറ്റി ചെയർമാൻ ഡോ: വി.കെ.വിജയൻ, കലാഗ്രാമം പി.ആർ.ഒ.എം.ഹരീന്ദ്രൻ സംബന്ധിച്ചു.



