തിരുവനന്തപുരം: കേശവദാസപുരംമുതൽ എറണാകുളം അങ്കമാലിവരെ ആറു ജില്ലകളിലൂടെ പോകുന്ന എം.സി.റോഡ് നാലുവരിയാക്കുന്നു. 240.6 കിലോമീറ്റർ റോഡുവികസനത്തിന് പണം വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എം.സി. റോഡും കൊല്ലം-ചെങ്കോട്ട റോഡും നാലുവരിയാക്കാൻ ആദ്യഘട്ടമെന്ന നിലയിൽ 1500 കോടിക്ക് സർക്കാർ തത്ത്വത്തിൽ ഭരണാനുമതി നൽകി. കിഫ്ബി വഴിയാണ് ഫണ്ട് ലഭ്യമാക്കുക.

സർക്കാർ അനുമതി ലഭിച്ചതോടെ മരാമത്തുവകുപ്പ് തുടർനടപടികൾ തുടങ്ങി. സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്ക്കും ട്രാഫിക് സർവേക്കുമായി മരാമത്ത് ഡിസൈൻ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇതിനായി 2.25 കോടി റീജണൽ ഇൻവെസ്റ്റിഗേഷൻ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും സ്ഥലമേറ്റെടുപ്പിലേക്ക് നീങ്ങുക. സംസ്ഥാനത്തെ 20 ജങ്ഷൻ വികസനത്തിന് 200 കോടിക്കും ആറു ബൈപ്പാസ് നിർമ്മാണത്തിന് 200 കോടിക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

സ്ഥലമേറ്റെടുപ്പിലെ കാലതാമസംകാരണം വൻ വിവാദമുണ്ടാക്കിയാണ് വെഞ്ഞാറമ്മൂടുമുതൽ ചെങ്ങന്നൂർവരെ എം.സി. റോഡ് ഒന്നാംഘട്ട വികസനം പൂർത്തിയാക്കിയത്. 2001-ൽ ആരംഭിച്ച് പൂർത്തിയായത് 2010-ൽ. 1613 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത പതിബെൽ കമ്പനിയും സർക്കാരുമായി ഭിന്നത രൂക്ഷമായി. സർക്കാർ പണം നൽകാൻ വൈകിയതിനെത്തുടർന്ന് അവരുടെ പ്രോജക്ട് എൻജിനിയർ സീ ബെൻ മലേഷ്യയിൽ ആത്മഹത്യചെയ്തത് വൻരാഷ്ട്രീയ വിവാദമായിരുന്നു.

2006-ൽ കമ്പനി പണി ഉപേക്ഷിച്ച് തിരിച്ചുപോയെങ്കിലും പിന്നീടുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ നിർമ്മാണം പുനരാരംഭിക്കുകയാണ് ചെയ്തത്. 2005-ൽ പൂർത്തിയാക്കേണ്ട പദ്ധതിയായിരുന്നു 2010-ലേക്ക് നീണ്ടത്. 127 കിലോമീറ്ററാണ് കമ്പനി പൂർത്തിയാക്കിയത്.

കിഫ്ബിയുമായി നിരന്തരയോഗങ്ങൾ ചേരുന്നുണ്ട്. സാധ്യതപഠനം, ഡി.പി.ആർ. തയ്യാറാക്കൽ, സ്ഥലമേറ്റെടുക്കൽ, ടെൻഡർ, റോഡ് നിർമ്മാണം എന്നിവയ്ക്ക് സമയക്രമം നിശ്ചയിച്ച് വേഗത്തിൽ നടപടികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്