മലപ്പുറം: മലപ്പുറം താനൂരിൽ എം.ഡി.എം.എ കേസിൽ പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. 30വയസ്സുകാരനായ മലപ്പുറം തിരൂരങ്ങാടി സ്വദേശി തമീർ ജിഫ്രിയാണ് മരണപ്പെട്ടത്. താനൂർ ദേവധാർ പലത്തിന് സമീപം വെച്ച് ഇയാൾ ഉൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരിൽ നന്നും 18 ഗ്രാമിൽ അധികം എംഡിഎംഎയും പിടികൂടിയിരുന്നു.

ഇന്നു പുലർച്ചെയോടെ ഇയാൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് കൂടെയുള്ളവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. തുടർന്നു യുവാവിനെ പൊലീസ് താനൂർ മൂലക്കലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. താനൂർ ദേവധാർ പാലത്തിനടുത്തു യുവാക്കൾ കാറിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണു പൊലീസ് പ്രതികളെ ലഹരിമരുന്നുമായി പിടികൂടിയിരുന്നത്.

അതേ സമയം യുവാവ് മരണപ്പെട്ട വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ ആശുപത്രിയിലെത്തി ബഹളം വെച്ചു. സംഭവത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും കൃത്യമായ റിപ്പോർട്ടു ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പരിശോധിച്ച ഡോക്ടറുമായും ഇവർ സംസാരിച്ചു. തുടർന്നു പൊലീസെത്തി കാര്യങ്ങൾ വ്യക്തമാക്കി.