തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാനുള്ള നടപടികൾ സ്‌കൂളുകളിൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ്യമന്ത്രി വി.ശിവൻകുട്ടി. ഇതിനായി കുട്ടികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കാനുള്ള ചർച്ചകൾക്കായി എല്ലാ വിദ്യാലയങ്ങളിലും ഒരു പീരിയഡ് നീക്കിവെക്കും.നവംബർ 17-നാണ് എല്ലാ ക്ലാസ്മുറികളിലും കുട്ടികൾ പാഠ്യപദ്ധതി ചർച്ച ചെയ്യുക.അതിലൂടെ ഉരുത്തിരിയുന്ന പ്രധാന നിർദ്ദേശങ്ങൾ രേഖയായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈറ്റ് കേരളയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പാഠ്യപദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.ഇതിനായുള്ള ടെക് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.26 ഫോക്കസ് ഏരിയയിൽ ഓരോരുത്തർക്കും താത്പര്യമുള്ളവ തിരഞ്ഞെടുത്ത് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ ഇതിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം.എഴുതിത്ത്ത്തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഇമേജ്, പി.ഡി.എഫ്. ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും കൈറ്റ് കേരള പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിട്ടുണ്ട്.

2025-26 അധ്യയനവർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങൾ നിലവിൽവരുമെന്നും മന്ത്രി പറഞ്ഞു.നവംബർ 30-നകം 26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും.ഡിസംബർ 31-നകം കരട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപവത്കരിക്കും.2023 ജനുവരിയിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി മേഖലാതല സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.ഫെബ്രുവരിയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തിയാക്കാനാണ് വകുപ്പിന്റെ പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ 2020-21 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയത് കോവിഡ്കാല വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.