തൊടുപുഴ: മാതാപിതാക്കളെ കാണാൻ പൊലീസ് സംരക്ഷണയിൽ ഒരുദിവസത്തെ പരോളിൽ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. താൽക്കാലിക പരോൾ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.

പൊന്മുടി വനമേഖലയിലേയ്ക്കാണ് പ്രതി രക്ഷപ്പെട്ടത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൊന്മുടി ഡാമിലൂടെ മറുകര കടന്ന് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ മറുകരയിലും പൊലീസ് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുമുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് രാജാക്കാട് പൊന്മുടിയിലെ വീട്ടിൽ ജോമോനെ എത്തിച്ചത്.

2015ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോൻ. കൊലപാതകത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിന് അനുമതി തേടുകയും എന്നാൽ പരോൾ അനുവദിക്കാത്ത സാഹചര്യത്തിൽ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയിൽ കോടതി താൽക്കാലിക പരോൾ അനുവദിക്കുകയായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽനിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണു രാജാക്കാട് പൊന്മുടിയിലെ വീട്ടിൽ എത്തിച്ചത്. ഇവിടെനിന്നു പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു പ്രതി കടന്നുകളയുകയായിരുന്നു.