കോട്ടയം: മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി കോട്ടയം പാലായിൽ അറസ്റ്റിൽ. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പാലാ സ്വദേശിയായ യുവതിയെ കടത്തിയ സംഭവത്തിലാണ് മുണ്ടക്കയം പെരുവന്താനം സ്വദേശി മനോജ് അറസ്റ്റിലായത്. സംഭവത്തിൽ നേരത്തെ ഒരാൾ പിടിയിലായിരുന്നു.

ഇടുക്കി പെരുവന്താനം പാലൂർക്കാവ് സ്വദേശി മണിക്കുട്ടനെന്ന മനോജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശിനിയായ യുവതിയെ 2022 ജനുവരി മാസം ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്താണ് വിദേശത്തേക്ക് കടത്തിയത്. പറഞ്ഞ ജോലി നൽകാതെ മറ്റൊരു വീട്ടിൽ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും തിരിച്ച് നാട്ടിലേക്ക് പോരാൻ സമ്മതിക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തു.

യുവതിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പാലാ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തു, തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിഖിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനൊടുവിൽ ഇയാളെ എറണാകുളം മറൈൻ ഡ്രൈവ് ഭാഗത്ത് നിന്നും അന്വേഷണ സംഘം പിടികൂടി

മനോജിനെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ഈ കേസിൽ വേറെയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.