ന്യൂഡൽഹി: മംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി ഉത്തരവ്. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി രോഹിത് രാധാകൃഷ്ണനെ (21) 2014ൽ മംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ തുടരന്വേഷണമാണ് സുപ്രീം കോടതി സിബിഐയെ ഏൽപിച്ചത്. രോഹിത്തിന്റെ ദുരൂഹമരണത്തിൽ അന്വേഷണം തേടി പിതാവായ അഡ്വ. രാധാകൃഷ്ണൻ എട്ടു വർഷമായി നടത്തിയ നിയമപോരാട്ടത്തിനാണ് ഫലപ്രാപ്തിയായത്.

എജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നാലാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രോഹിത് മരണപ്പെടുന്നത്. 2014 മാർച്ചിലാണു മംഗളൂരു പനമ്പൂർ തണ്ണീർബാവി ബീച്ചിനു സമീപം തല വേർപെട്ട നിലയിൽ രോഹിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനാപകടമാണെന്നു പറഞ്ഞ പൊലീസ്, അലക്ഷ്യമായി വാഹനം ഓടിച്ചതിനു രോഹിത്തിനെതിരെ കേസുമെടുത്തു.

രോഹിത്തിന്റെ മരണത്തിൽ ബെംഗളൂരു സിഐഡി നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നു ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ഇതിന്റെ പേരിൽ സിഐഡി വിഭാഗത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുക നാലാഴ്ചയ്ക്കകം രോഹിത്തിന്റെ അച്ഛൻ അഡ്വ. എം.എസ്.രാധാകൃഷ്ണനു നൽകണമെന്നും കോടതി വിധിച്ചു.
മരിച്ചയാൾക്കെതിരെ കേസെടുക്കുന്നതു കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നു നിരീക്ഷിച്ചു സുപ്രീം കോടതി ഇതു റദ്ദാക്കി.

പൊലീസ് അന്വേഷണത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടു രോഹിത്തിന്റെ അച്ഛൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കർണാടക ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നു കേസ് സിഐഡിയെ ഏൽപിച്ചെങ്കിലും വാഹനാപകടമാണെന്ന നിലപാടാണ് അവരും കൈക്കൊണ്ടത്. ഇതോടെയാണു രാധാകൃഷ്ണൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഇതു വെറും വാഹനാപകടമായി കാണാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ സിഐഡി അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്കു കൈമാറണമെന്ന് ഉത്തരവിട്ടു. രണ്ടു മാസത്തിലൊരിക്കൽ അന്വേഷണ പുരോഗതി കർണാടക ഹൈക്കോടതിയിൽ അറിയിക്കണമെന്നും നിർദേശിച്ചു. കുഴിക്കാല മേപ്പുറത്ത് (തണ്ണിശേരിൽ) അഡ്വ. രാധാകൃഷ്ണന്റെയും ഡോ. ശ്രീദേവിയുടെയും ഏക മകനായിരുന്നു രോഹിത്.