പത്തനംതിട്ട: തിരുവനന്തപുരം മധുര അമൃത എക്സ്‌പ്രസ് ട്രെയിൻ രാമേശ്വരത്തേക്കു നീട്ടാനും എറണാകുളം വേളാങ്കണ്ണി റൂട്ടിൽ ആഴ്ചയിൽ രണ്ടുദിവസം വീതം സർവീസ് നടത്താനുമുള്ള ശുപാർശകൾക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകി. കേരളത്തിന്റെ ഏറെക്കാലമായുള്ള രണ്ട് ആവശ്യങ്ങളാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നത്. പുതിയ ട്രെയിനായ എറണാകുളം-വേളാങ്കണ്ണി ബൈവീക്ക്ലി (കൊല്ലം, ചെങ്കോട്ട വഴി) യാഥാർഥ്യമാകുന്നതോടെ ഇപ്പോൾ ആഴ്ചയിലൊരിക്കലുള്ള സ്‌പെഷൽ സർവീസ് നിർത്തലാക്കും.

സ്ഥിരം സർവീസ് വരുന്നതോടെ നിരക്കുകളിൽ കുറവുണ്ടാകും. തിരുവനന്തപുരംമധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതോടെ രാമേശ്വരത്തേക്കു കേരളത്തിൽ നിന്നുള്ള ആദ്യ സ്ഥിരം സർവീസായി അമൃത മാറും. തിരുവനന്തപുരത്തു നിന്നു രാത്രി പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയോടെ രാമേശ്വരത്ത് എത്തും. സർവീസ് ആരംഭിക്കുന്ന തീയതികൾ വൈകാതെ അറിയിക്കും.