പൊന്നാനി : കടലിൽ മീൻപിടിക്കുന്നതിനിടെ ബോട്ടിലെ വലകൾ തമ്മിൽ ഉടക്കിയതിനെ തുടർന്ന് വല ഘടിപ്പിച്ച ലോഹഭാഗം (സുനാമി) ദേഹത്തേക്കുവീണ് അഞ്ചുപേർക്ക് പരിക്കേറ്റു. പൊന്നാനിയിൽനിന്ന് മീൻപിടിക്കാൻപോയ സഹൽ മോൻ എന്ന ബോട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളായ ബൽറാം (35), പ്രസാദ് (35), സഫിയാൻ (45), ബിനിയാം (31), പൊന്നാനി സ്വദേശി ഉമർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹൽ മോൻ ബോട്ടിന്റെ വല സമീപത്ത് മീൻ പിടിക്കുകയായിരുന്ന മുനമ്പം സ്വദേശിയുടെ സെന്റ് ആന്റണീസ് എന്ന ബോട്ടിന്റെ വലയിൽ കുടുങ്ങുകയും ഇതേത്തുടർന്ന് ബോട്ടിനെ വലയുമായി ബന്ധിപ്പിക്കുന്ന സുനാമി എന്ന പേരിലുള്ള ഇരുമ്പുനിർമ്മിത ഭാഗം തൊഴിലാളികളുടെ ദേഹത്തേക്ക് പൊട്ടിവീഴുകയുമായിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെ കരയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.

നേരത്തേ പിടിച്ച മീൻ വേർതിരിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. അപകടവിവരം അറിഞ്ഞയുടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിൽ പരിക്കേറ്റവരെ ഹാർബറിലെത്തിച്ചു. ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽകോളേജിലേക്ക് മാറ്റുകയുമായിരുന്നു.