മായന്നൂർ: ചിറങ്കര സെന്ററിലെ ചുമട്ടു തൊഴിലാളിയാണ് രഞ്ജിത്ത്. ഐഎൻടിയുസി മായന്നൂർ യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്ന കണ്ടൻചിറപ്പടി മാധവന്റെ മകൻ രഞ്ജിത് (27) 2019 ഒക്ടോബർ മുതൽ ചുമട്ടു തൊഴിലാളിയാണ്. അച്ഛൻ വിരമിച്ച ഒഴിവിലാണ് രഞ്ജിത്ത് ചുമട്ട് തൊഴിലാളിയായത്. ബികോമിൽ ബിരുദവും എംബിയെയും ഉണ്ടായിട്ടും ചുമടെടുക്കുന്നതിൽ രഞ്ജിത്തിന് തെല്ലും നാണക്കേട് തോന്നിയില്ല.

ഇപ്പോഴിതാ സ്വന്തം പഞ്ചായത്തിൽ എൽഡി ക്ലാർക്കായി നിയമനം ലഭിച്ചിരിക്കുകയാണ് ഈ യുവാവിന്. ചുമട്ട് തൊഴിലിനിടയിലെ ഒഴിവു ദിനങ്ങളിൽ പിഎസ്‌സി പരീക്ഷയ്ക്കു പരിശീലനം നടത്തി. കൂട്ടുകാരുമായി ചേർന്നു മായന്നൂർ വായനശാല ഹാളിലായിരുന്നു പഠനം. ഒറ്റപ്പാലത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നെങ്കിലും കോവിഡ് തടസ്സമായി .പഞ്ചായത്തിലെ കോവിഡ് വൊളന്റിയറായി പ്രവർത്തിക്കുന്ന സമയത്തു കോവിഡ് പരിചരണ കേന്ദ്രവും പഠനത്തിനു സഹായകമായി.

വെള്ളിയാഴ്ച ചുമട്ടു തൊഴിലിലേർപ്പിട്ടിരിക്കെയാണ് നിയമന ഉത്തരവു ലഭിച്ചത്. അതും സ്വന്തം പഞ്ചായത്തായ കൊണ്ടാഴിയിൽ. അന്നു വൈകിട്ടു തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പരീക്ഷകളേറെയെഴുതിയിട്ടുള്ള രഞ്ജിത് പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, വിഇഒ, സപ്ലൈകോ എന്നിവയുടെയെല്ലാം ഷോട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.