കണ്ണൂർ: ഡിസംബർ ഒന്നിന് കണ്ണൂരിൽ നടക്കുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ നടന്നു. യോഗം ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.ടി. ജയകൃഷ്ണൻ മാസ്റ്റർക്ക് പകരംവെയ്ക്കാൻ മറ്റൊരാളില്ലെന്നും പൊതു പ്രവർത്തകർക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷ്ണദാസ് പറഞ്ഞു.

അവനവന് വേണ്ടിയല്ലാതെ അപരന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു ജയകൃഷ്ണന്റേത്. സമൂഹത്തിന് വേണ്ടിയും പ്രസ്ഥാനത്തിന് വേണ്ടിയും ജീവിക്കുകയായിരുന്നു. മരണം മുന്നിൽ കണ്ടിട്ടും സിപിഎം മാടമ്പിത്തരത്തിന് മുന്നിൽ ഒരുതരത്തിലും കീഴടങ്ങാൻ തയ്യാറാകാത്ത ജയകൃഷ്ണനെ പഠിപ്പിക്കുന്ന ക്ലാസ് മുറിയിൽ കയറി സി.പി. എം പ്രവർത്തകർ വെട്ടിക്കൊല്ലുകയായിരുന്നു. സംഘടനയ്ക്ക് വേണ്ടി പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവൻ പോലും തൃണവൽഗണിച്ച ജയകൃഷ്ണന്റെ ബലിദാനം പുതുതലമുറയ്ക്ക് പ്രേരണയും പ്രചോദനവുമാണ്.ജയകൃഷ്ണന്റെ വേർപാട് സംഘപ്രസ്ഥാനങ്ങൾക്ക് ഉണങ്ങാത്ത മുറിവാണ്. ദുർഘടം നിറഞ്ഞ സംഘടനാ പ്രവർത്തനത്തിനിടയിൽ കണ്ണൂരിലെ സംഘ പരിവാർ സംഘടനാ നേതാക്കൾക്ക് ജയകൃഷ്ണൻ അന്നും ഇന്നും പ്രേരണാ സ്രോതസ്സാണ്.

അന്ന് സ്വീകരിച്ച അതേ നിലപാടാണ് സിപിഎം എതിരാളികളോട് ഇന്നും വെച്ച് പുലർത്തുന്നത്. എതിരാളികളെ വധിക്കുക മറുഭാഗത്ത് അവരെ അപകീർത്തിപ്പെടുത്തുക. അതായത് വധവും തേജോവധവും അതാണ് എല്ലാകാലത്തും സിപിഎം നയം. ഒരു തെറ്റും ചെയ്യാതെ നിയമപരമായ നിലപാടുകളെടുത്ത ഗവർണ്ണറോട് കാണിക്കുന്ന നിലപാടും ഇത്തരം അസഹിഷ്ണുതയുടെ തുടർച്ചയായ നടപടികളാണ്. ഭീഷണി ഭാഷയാണ് ഉപയോഗിക്കുന്നത്. ഇരട്ട ചങ്കുള്ളയാളാണ് മുഖ്യമന്ത്രിയെങ്കിൽ ഇരട്ടി ചങ്കുള്ളവനാണ് ഗവർണ്ണറെന്ന് തെളിയിച്ചിരിക്കുകയാണ്. ധിക്കാരപരമായ നിലപാടാണ് സിപിഎമ്മിനുള്ളത്. രാജ്യത്തെ നിയമവും നീതിയും സിപിഎം സർക്കാരിനും ബാധകമാണെന്ന് സിപിഎം നേതൃത്വവും ഭരണകൂടവും മനസ്സിലാക്കണം. അല്ലാത്തപക്ഷം ഇഎംഎസ് സർക്കാരിനുണ്ടായ ഗതികേട് വിളിച്ചു വരുത്തലാവും ഫലമെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് പൊയിലൂർ അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജ് എം.എ. നിസാർ, ബിജെപി ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരൻ, പി.കെ. വേലായുധൻ, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, മേഖല ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ, ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജുഏളക്കുഴി, എം.ആർ. സുരേഷ്, യുവമോർച്ച സംസ്ഥാന സമിതിയംഗം ജിതിൻ രഘുനാഥ്, ബിജെപി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് അർച്ചന വണ്ടിച്ചാൽ എന്നിവർ സംസാരിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജ്ജുന്മാവിലാക്കണ്ടി സ്വാഗതം പറഞ്ഞു.