അത്തോളി: ആറു വർഷത്തോളം മരുന്നു കഴിച്ചിട്ടും മുടികൊഴിച്ചിൽ മാറാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നെന്ന് ബന്ധുക്കൾ. യുവാവ് മരിച്ച് ഒരു മാസമായിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഉള്ളിയേരിക്കടുത്ത് നോർത്ത് കന്നൂര് സ്വദേശി തണ്ണീരി വീട്ടിൽ പ്രഭാകരന്റെ മകൻ പ്രശാന്തിനെയാണ് (26) കഴിഞ്ഞ ഒക്ടോബർ ഒന്നിനു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു പ്രശാന്ത് ആത്മഹത്യ ചെയ്തത്. തന്നെ ചികിത്സിച്ച ഡോക്ടറാണു മരണത്തിന് ഉത്തരവാദിയെന്നു പ്രശാന്ത് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. 2014 മുതൽ ആറു വർഷത്തോളം മുടി കൊഴിച്ചിലിനു കോഴിക്കോട്ടെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നുവെന്നും, ഡോക്ടർ നൽകിയ മരുന്നു കഴിച്ച ശേഷം പുരികവും മൂക്കിലെ രോമങ്ങളും വരെ കൊഴിയാനും തുടങ്ങിയെന്നും കുറിപ്പിൽ പറയുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നും കത്തിൽ പറയുന്നു.

മുടി കൊഴിഞ്ഞതോടെ വിവാഹാലോചനയെപ്പോലും ബാധിച്ചതോടെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നിട്ടും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നാണു കുടുംബത്തിന്റെ പരാതി. പേരാമ്പ്ര എഎസ്‌പിക്കാണു പരാതി നൽകിയിരിക്കുന്നത്. അതേ സമയം, പരാതിയിൽ ഡോക്ടറെ ചോദ്യം ചെയ്തതായും പ്രതി ചേർത്തിട്ടില്ലെന്നും അത്തോളി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.