തുറവൂർ: അരൂരിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്തത് ആദ്യ അപകടം വകവെയ്ക്കാതെ നടത്തിയ മരണ പാച്ചിൽ. അരൂർ കെൽട്രോൺ കവലയ്ക്കു സമീപം സ്‌കൂൾ ബസിൽ ഇടിക്കുന്നതിന് മിനറ്റുകൾക്ക് മുൻപ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് ചന്തിരൂരിനു സമീപം അപകടത്തിൽപെട്ടിരുന്നെന്നു പൊലീസ് പറയുന്നു. എന്നാൽ ആദ്യ അപകടം വകവയ്ക്കാതെ മൂവർ സംഘം ബൈക്കിൽ കയറി വീണ്ടും മരണ പാച്ചിൽ നടത്തുകയായിരുന്നു.

ഞായർ പുലർച്ചെ ചന്തിരൂരിൽ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തശേഷം അഭിജിത്തിനെയും ആൽവിനെയും വീട്ടിലാക്കുന്നതിന് വിജോയ്യുടെ ബൈക്കിൽ പോകുമ്പോഴാണ് ദാരുണ അപകടം. ചന്തിരൂരിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണിരുന്നുവെന്നു പൊലീസ് പറയുന്നു. എന്നാൽ വീണിടത്തു നിന്നും എഴുന്നേറ്റ യുവാക്കൾ സമീപമുള്ള കടയിൽ കയറി ശീതളപാനീയവും പലഹാരവും വാങ്ങി വീണ്ടും ബൈക്കിൽ യാത്ര തുടരുന്നതിനിടെയാണ് സ്‌കൂൾ ബസിൽ ഇടിച്ചുകയറിയത്.

അടുത്തടുത്ത പ്രദേശത്തെ മൂന്ന് യുവാക്കളാണ് ബൈക്കപകടത്തിൽ ദാരുണമായി മരിച്ചത്. അപകടത്തിൽപെട്ട മൂന്ന് പേരും സുഹൃത്തുക്കളും അടുത്തടുത്ത വാർഡുകളിലെ താമസക്കാരുമാണ്. ആറു മാസം മുൻപാണ് വിജോയ് ബൈക്ക് വാങ്ങിയത്. അരൂർ പഞ്ചായത്ത് ശ്മശാനം സ്ഥിതി ചെയ്യുന്ന ശാന്തി ഭൂമി റോഡിന് സമീപമാണ് അഭിജിത്തിന്റെയും ആൽവിന്റെയും വീട്. ഈ പ്രദേശത്തും ഞായറാഴ്ച ഗൃഹപ്രവേശ ചടങ്ങും വിവാഹ ചടങ്ങും നടക്കുന്നതിനാൽ പ്രദേശവാസികളെല്ലാം അതിന്റെ ഒരുക്കങ്ങളിലും ആഘോഷത്തിലും ആയിരുന്നു. ഇവിടേക്കു വരുന്നതിനിടയിലാണ് അപകടമുണ്ടായത്.