- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാബ് രക്തം മനുഷ്യനിൽ പരീക്ഷിച്ചു; പരീക്ഷണശാലയിലുണ്ടാക്കിയ രക്തം കുത്തിവെച്ചത് രണ്ടു പേരിൽ
ലണ്ടൻ: ലാബ് രക്തം മനുഷ്യനിൽ പരീക്ഷിച്ചു ബ്രിട്ടീഷ് ഗവേഷകർ. പരീക്ഷണശാലയിലുണ്ടാക്കിയ രക്തം ആദ്യമായാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്. മനുഷ്യനിൽ ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്നറിയുന്നതിനാണിതെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകുന്ന ഗവേഷകർ പറഞ്ഞു. പരീക്ഷണത്തിനു സന്നദ്ധരായ രണ്ടുപേരിലാണ് ലാബ് രക്തം കുത്തിവെച്ചത്.
ഏതാനും സ്പൂൺ രക്തം മാത്രമാണ് പരീക്ഷണത്തിനു തയ്യാറായവരിൽ കുത്തിവെച്ചത്. ആരോഗ്യമുള്ള പത്തുപേരിലാണ് പരീക്ഷണം നടത്തുന്നത്. രക്തദാതാക്കളെത്തേടി അലയേണ്ടിവരുന്ന സാഹചര്യവും അത്യപൂർവ രക്തഗ്രൂപ്പുകൾ ലഭിക്കുന്നതിനുള്ള പ്രയാസവും ഒഴിവാക്കുകയാണ് ലാബിൽ രക്തമുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പരീക്ഷണത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുമിത്.
ബ്രിസ്റ്റൽ, കേംബ്രിജ്, ലണ്ടൻ എന്നിവിടങ്ങളിലെയും എൻ.എച്ച്.എസ്. ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിലെയും ഗവേഷകരുൾപ്പെട്ട സംഘമാണ് പരീക്ഷണശാലയിൽ രക്തമുണ്ടാക്കിയത്. ലാബിലുണ്ടാക്കുന്ന രക്തം മറ്റൊരാളിൽനിന്ന് ശേഖരിക്കുന്ന രക്തത്തെക്കാൾ നല്ലതായിരിക്കുമെന്നു കരുതുന്നു.ശ്വാസകോശത്തിൽനിന്ന് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ഓക്‌സിജനെത്തിക്കുന്ന ചുവന്ന രക്താണുക്കൾ കേന്ദ്രീകരിച്ചാണ് ഗവേഷണം.
ഒരാളിൽനിന്ന് 470 മില്ലിഗ്രാം രക്തമെടുക്കുകയാണ് ആദ്യപടി. ചുവന്ന രക്താണുക്കളാകാൻ ശേഷിയുള്ള മൂലകോശങ്ങളെ ഇതിൽനിന്ന് വേർതിരിച്ചെടുക്കും. ഇവയെ പരീക്ഷണശാലയിൽ വളർത്തി ചുവന്ന രക്താണുക്കളാകാൻ വിടും. ഈ പ്രക്രിയയ്ക്ക് മൂന്നാഴ്ചയെടുക്കും. അഞ്ചുലക്ഷം മൂലകോശങ്ങളിൽനിന്ന് 5000 കോടി ചുവന്നരക്താണുക്കളെയുണ്ടാക്കാം. ഇവയിൽനിന്ന് ശരീരത്തിലേക്ക് പറിച്ചുനടാൻ പാകമായ 1500 ചുവന്ന രക്താണുക്കളെ വേർതിരിക്കുകയാണ് ചെയ്യുന്നത്.
120 ദിവസമാണ് ചുവന്നരക്താണുക്കളുടെ ആയുസ്സ്. ഓരോതവണയും പുതിയവ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുകയാണു ചെയ്യുക. ദാതാവിൽനിന്നെടുക്കുന്ന രക്തത്തിൽ പുതുതായുണ്ടായവയും നശിക്കാറായവയും കാണും. എന്നാൽ, ലാബിലുണ്ടാക്കിയ രക്തത്തിൽ അതുസംഭവിക്കില്ല എന്ന ഗുണവുമുണ്ട്.



