കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ വൻ കവർച്ച നടത്തിയ സംഘം പിടിയിൽ. പയ്യാമ്പലം കുനിയിൽ പാലത്തെ നക്ഷത്ര എന്ന വീട്ടിൽ കവർച്ച നടത്തിയ അന്തർ സംസ്ഥാന കവർച്ചാ സംഘമാണ് അറസ്റ്റിലായത്. മൂന്നുപേരെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പിടികൂടിയത്.

വീട്ടുകാർ 10 ദിവസം മുമ്പ് വീട് പൂട്ടി മലപ്പുറത്ത് പോയ തക്കം നോക്കിയാണ് ഒരു പവനും 7000 രൂപയും ഇവർ മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന 12 പവൻ സ്വർണ്ണാഭരണങ്ങൾ കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറിൽ വെച്ചതിനാലാണ് അവ നഷ്ടപ്പെടാതിരുന്നത്. ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 5 മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരാണ് പ്രതികൾ.

പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്‌ഐ.നസീബ്, എഎസ്ഐ.അജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, രജീഷ്, നവീൻ, ജിഷ്ണു എന്നിവരുമുണ്ടായിരുന്നു