- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തിരണ്ടാംവയസ്സിൽ ഇരു കാലുകളും തകർന്നു; മനക്കരുത്തിൽ അജിത് പഠിച്ച് നേടിയത് സർക്കാർ ജോലി
ഹരിപ്പാട്: എല്ലാവരെയും പോലെ പൂർണ്ണ ആരോഗ്യവാനായിരുന്നു അജിത്. ഇരുപത്തിരണ്ടാംവയസ്സിലാണ് ജീവിതം മാറ്റി മറിച്ചുകൊണ്ട് ജീവിതം ഒരു ദിവസം ചക്രക്കസേരയിലേക്ക് മാറിയത്. പെട്ടെന്നൊരുദിവസം ഉറക്കം എഴുന്നേറ്റപ്പോൾ അജിത്തിന്റെ ഇരുകാലുകളുടേയും ചലന ശേഷി നഷ്ടമാകുക ആയിരുന്നു. കുടുംബത്തിന്റെ ഇത്തരവാദിത്തം സ്വന്തം ചുമതലയായി മാറിയ സമയത്താണ് അജിത് ചക്രക്കസേരയിലായത്. വർഷങ്ങൾക്കിപ്പുറം മനക്കരുത്തിൽ സർക്കാർ ജോലി പഠിച്ചു നേടിയിരിക്കുകയാണ് കുമാരപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായി ചുമതലയേറ്റ പള്ളിപ്പാട് കോട്ടയ്ക്കകം കുളത്തിന്റെ പടീറ്റതിൽ അജിത് കുമാർ (ചന്തു-30).
പ്ലസ്ടു വരെ പഠിച്ച അജിത്തിന് പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുമ്പേൾ 2014-ൽ ആണ് അജിത്തിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. ഒരുദിവസം ഉറങ്ങിയെണീറ്റപ്പോഴായിരുന്നുവത്. മാസങ്ങൾനീണ്ട ചികിത്സയ്ക്ക് ആറുലക്ഷം രൂപയിലധികം ചെലവായെങ്കിലും ചലനശേഷി തിരികെ കിട്ടിയില്ല. സുഷുമ്നാനാഡി വീങ്ങി രക്തം പുറത്തേക്കൊഴുകിയിറങ്ങിയതാണ് ഇരുകാലുകളും തളരാൻ കാരണമെന്നും ജനിതകമായ തകരാറായിരിക്കാമെന്നും ഡോക്ടർമാർ വിലയിരുത്തി.
2018 ആയപ്പോഴേക്കും ഇനിയുള്ള ജീവിതം ചക്രക്കസേരയിലാകുമെന്ന് അജിത് വേദനയോടെ തിരിച്ചറിഞ്ഞു. ജീവിതം ഇനി എങ്ങനെ എന്ന ചിന്തയാണ് പിഎസ് സി പഠനത്തിലേക്ക് നയിച്ചത്. പി.എസ്.സി. റാങ്ക് ഫയലുകളും തൊഴിൽപ്രസിദ്ധീകരണങ്ങളും പത്രങ്ങളുമെല്ലാം വായിച്ചുകൊണ്ടേയിരുന്നു. 14 മണിക്കൂർവരെ പഠിച്ച ദിവസങ്ങളുണ്ട്. പത്തനംതിട്ട ജില്ലയിലെ എൽ.ജി.എസ്. പട്ടികയിലാണ് ആദ്യം ഇടംനേടിയത്. 395-ാം റാങ്കായിരുന്നെങ്കിലും ജോലി കിട്ടിയില്ല. ഇപ്പോൾ, ആലപ്പുഴ ജില്ലയിലെ ക്ലാർക്ക് പൊതുപ്പട്ടികയിൽ 364-ാം റാങ്കും ഭിന്നശേഷിക്കാരിൽ ഒന്നാംറാങ്കും ലഭിച്ചു.
എൽ.ജി.എസിൽ 58-ാം റാങ്കുമുണ്ട്. 80 ശതമാനം അംഗവൈകല്യമുള്ള അജിത് കുമാറിന് ഇപ്പോൾ ഭിന്നശേഷിസംവരണത്തിലാണ് ജോലികിട്ടിയത്. പൊതുവിഭാഗത്തിലും നിയമനം ഉറപ്പായിരുന്നു. ചക്രക്കസേരയിലായതോടെ പുറത്തേക്കുള്ള യാത്ര വലിയ വെല്ലുവിളിയായിരുന്നു. ഒരു പഴയ കാർ വാങ്ങി ബ്രേക്കും മറ്റും കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന തരത്തിലാക്കി. അതനുസരിച്ചുള്ള ഡ്രൈവിങ് ലൈസൻസും നേടി. ഇപ്പോൾ ആ കാറിലാണു യാത്ര.
വീട്ടിൽനിന്നിറങ്ങുമ്പോൾ ആരെങ്കിലും ചക്രക്കസേര ഡിക്കിയിൽ വെച്ചുകൊടുക്കും. കൈകുത്തി കാറിൽക്കയറിയശേഷമാണ് ഓടിച്ചുപോകുക. ഇറങ്ങുമ്പോഴും ചക്രക്കസേരയിറക്കാൻ സഹായംവേണം. എന്താവശ്യത്തിനും ഒപ്പംനിൽക്കുന്ന വീട്ടുകാരും സുഹൃത്തുക്കളുമാണ് അജിത്തിന്റെ ശക്തി.



