കണ്ണൂർ: സ്‌കൂളുകളിലും കോളേജുകളിലും ക്ലാസ് കട്ടു ചെയ്തു കണ്ണൂർ നഗരത്തിലെ പാർക്കുകളിലും ബീച്ചുകളിലും സിനിമാ തീയേറ്ററുകളിലും കറങ്ങി നടക്കുന്നവരെ കുടുക്കാൻ വാച്ച് ദി ചിൽഡ്രൺ പദ്ധതി കണ്ണൂരിൽ നടപ്പിലാക്കും. കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ കണ്ണൂർ ടൗൺ പൊലിസാണ് പദ്ധതിഅടുത്ത ദിവസം മുതൽ നടപ്പിലാക്കുക.

വിദ്യാലയങ്ങളിലും പുറത്തും ലഹരിമാഫിയ വിദ്യാർത്ഥികളെ വലയിലാക്കുന്നതിനു തടയുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കണ്ണൂർ അസി. കമ്മിഷണർ ഓഫ് പൊലിസ് ടി.കെ രത്നകുമാർ പറഞ്ഞു .പിങ്ക് പൊലിസടക്കമുള്ള സ്‌ക്വാഡാണ് കുട്ടികളെ നിരീക്ഷിക്കുക. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ രക്ഷിതാക്കളെ അറിയിക്കും.

എന്നാൽ ആദ്യഘട്ടത്തിൽ വെറും മുന്നറിയിപ്പുമാത്രമേ പൊലിസ് ചെയ്യുകയുള്ളൂ. ഇതിനു ശേഷവും ഇത്തരം കുട്ടികൾ കണ്ണൂർ നഗരത്തിലെ വിവിധഭാഗങ്ങളിൽ അസ്വാഭാവികമായ സാഹചര്യത്തിൽ സ്‌കൂൾ ഒഴിവാക്കി രക്ഷിതാക്കളറിയാതെ എത്തിയാൽ വിവരം രക്ഷിതാക്കളെയും സ്‌കൂൾ അധികൃതരെയും അറിയിക്കും. മാസങ്ങൾക്കു മുൻപ് ആറാംക്ളാസുകാരി ക്ലാസ് കട്ടുചെയ്തു കൗമാരക്കാരന്റെ കൂടെ വന്നിരുന്നു.

പലപ്പോഴും ഏതെങ്കിലും ഒരു കേന്ദ്രത്തിൽ വെച്ചു സ്‌കൂൾ യൂനിഫാം മാറ്റിയതിനു ശേഷംമാത്രമാണ് ഇത്തരം കുട്ടികൾ പാർക്കുകളിലും ബീച്ചുകളിലും തീയേറ്ററുകളിലുമെത്തുന്നത്. അതുകൊണ്ടു തന്നെ ഇവരെ തിരിച്ചറിയാൻ കഴിയുന്നില്ല. എന്നാൽ കുട്ടികളുടെ കൂടെ യാതൊരു ബന്ധവുമില്ലാത്ത 18 വയസിനു മുകളിലുള്ളവരെ കണ്ടാൽ അപ്പോൾ തന്നെ പോക്സോ ചുമത്തി അറസ്റ്റു ചെയ്യുമെന്നും അസി.കമ്മിഷണർ പറഞ്ഞു.രക്ഷിതാക്കളെയും സ്‌കൂൾ അധികൃതരെയും സഹകരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി പൊലിസ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.