- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപന്മാർക്ക് ഇനി കണ്ണൂർ പൊലിസിന്റെ അക്ഷയപാത്രത്തിൽ നിന്നും ഭക്ഷണമില്ല; വനിതാ പൊലീസ് സ്റ്റേഷനിൽ പോയി ടോക്കൺ എടുക്കാതെ ഭക്ഷണമില്ല
കണ്ണൂർ: മദ്യപിച്ചെത്തുന്നവർക്ക് ഇനി കണ്ണൂർ പൊലിസിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയ പാത്രം കൗണ്ടറിൽ നിന്നും ഭക്ഷണ പൊതികൾ നൽകില്ലെന്ന് കണ്ണൂർ സിറ്റി അസി. കമ്മിഷണർ ടി.കെ രത്നകുമാർ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി എല്ലാദിവസവും ഉച്ച നേരങ്ങളിൽ ഭക്ഷണം കഴിക്കുന്നവരിൽ ചിലർ സ്ഥിരം മദ്യപിച്ചുകൊണ്ടാണ് വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടു ഇത്തരക്കാരെ അകറ്റി നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇനി മുതൽ ഇവർക്ക് ഭക്ഷണം കൊടുക്കേണ്ടെന്നു തീരുമാനിച്ചത്. അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായി ഭക്ഷണം വാങ്ങാനെത്തുന്നവർ ഇന്നു മുതൽ തൊട്ടടുത്ത വനിതാ പൊലിസ് സ്റ്റേഷനിൽ പോയി ടോക്കൺ വാങ്ങിക്കണം. ഇവർ മദ്യപിച്ചിട്ടില്ലെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഭക്ഷണം കൈമാറുകയുള്ളൂവെന്ന് അസി.സിറ്റി പൊലിസ് കമ്മിഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് തെരുവിൽ കിടക്കുന്നവരും അശരണരുമായവർക്ക് ആദ്യമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയപാത്രം നടപ്പിലാക്കിയത് കണ്ണൂർ ടൗൺ പൊലിസാണ്. സ്റ്റേഷനു തൊട്ടുമുൻപിൽ തന്നെയാണ് ഭക്ഷണ കൗണ്ടർ. കഴിഞ്ഞ പതിനൊന്നുവർഷമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പൊലിസ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കോവിഡ് കാലത്ത് അൽപകാലം സാമൂഹിക അടുക്കള തുറന്നപ്പോൾ മുടങ്ങിയതല്ലാതെ നിത്യം ഭക്ഷണം നൽകിവരുന്ന പദ്ധതി ഇപ്പോഴും തുടരുകയാണ്.




