മട്ടന്നൂർ: ഇരിട്ടി-മട്ടന്നൂർ കെ. എസ്.ടി.പി റോഡിലെ ഉളിയിലിൽ നിയന്ത്രണംവിട്ട ഇന്നോവ തലകീഴായി മറിഞ്ഞു. യാത്രക്കാർക്ക് തലനാരിഴയ്ക്കു ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇനോവ കാറാണ് ഉളിയിൽ ടൗണിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്കിനെ വെട്ടിക്കുന്നതിനിടയിൽ റോഡരികിൽ സംരക്ഷണത്തിനായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ചാണ് മറിഞ്ഞത്.

റോഡരികിൽ സ്ഥാപിച്ച 11 കോൺക്രീറ്റ് കുറ്റികളാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. അപകട സമയം കാറിൽ പുന്നാട് സ്വദേശികളായ നാലുപേരാണ് യാത്ര ചെയ്തത്.മുഹമ്മദ് നാഫി നിസാര പരിക്കുകളോടെയും മറ്റ് മൂന്ന് പേർ പരിക്കേൽക്കാതെയും രക്ഷപെട്ടു.നാഫിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്ഥലത്ത് തന്നെ പല തവണ വാഹനാംപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്തുണ്ടായവാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരപരുക്കേറ്റിരുന്നു.