- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതാഘാതമേറ്റ് ചലന ശേഷി നഷ്ടപ്പെട്ട് യുവാവ്; ചികിത്സയ്ക്ക് പണം കണ്ടെത്താൻ പോലും കഴിയുന്നില്ല: ജപ്തിയുടെ വക്കിൽ ഒരു കുടുംബം
കോഴഞ്ചേരി: അച്ഛനും അമ്മയ്ക്കും താങ്ങും തണലുമാകാൻ നല്ലൊരു ജോലി നേടാനാണ് അനന്തു പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിംഗിന് ചേർന്നത്. എന്നാൽ അനന്തുവിന്റെ മോഹങ്ങളെല്ലാം വിധി തട്ടിത്തെറുപ്പിച്ചു. എഞ്ചിനീയറിങ് പഠന സമയത്ത് കറന്റടിച്ച് ചലനശേഷി നഷ്ടപ്പെട്ട് കിടക്കയിലാണ് ഇന്ന് ഇ 26കാരൻ. അച്ഛനും അമ്മയ്ക്കും അനുജനുമെല്ലാം സഹായമാകേണ്ട ഈ പ്രായത്തിൽ അനന്തുവിന് ജീവിക്കാൻ പരസഹായം വേണം.
മകനെ ചികിത്സിക്കാനും കുടുംബത്തിന്റെ ചെലവ് നടത്താനും അച്ഛൻ സുശീലൻ രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുകയാണ്. എന്നിട്ടും എങ്ങും എത്തുന്നില്ല. അതിരാവിലെ ചോറുംപൊതിയുമായി അദ്ദേഹം വാഹനറിപ്പയർ ഷോപ്പിലേക്ക് പോകും. ഇളയ മകൻ കോളേജിലാണ്. അനന്തുവിന്റെ ചികിത്സയ്ക്കും പണം കണ്ടെത്തണം. മകന് തന്നെ തിരിച്ചറിയാൻ സാധിക്കാത്തതിന്റെ മനോവേദന അദ്ദേഹം ഉള്ളിലൊതുക്കുന്നു.
ചികിത്സാച്ചെലവിന് ബാങ്കിൽ നിന്നെടുത്ത തുക പലിശയും കൂട്ടുപ്പലിശയുമായി ആറരലക്ഷം രൂപയായി. ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. ചികിത്സയ്ക്കും തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കും എല്ലാ ആഴ്ചയും വീട്ടിലെത്തുന്ന ഫിസിയോ തെറാപ്പിസ്റ്റിന് നൽകാനുമായി ഓരോ മാസവും നല്ലൊരു തുക വേണം. ഇനി കടം തരാൻ ആരുമില്ലെന്ന് അനന്തുവിന്റെ അമ്മ വത്സമ്മ പറയുന്നു. എങ്കിലും, മകൻ എന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് തിരികെവരുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ.
2016 ഫെബ്രുവരി മൂന്നിനാണ് ആ കുടുംബത്തെ ഇരുൾ മൂടിയ അപകടം ഉണ്ടായത്. കടമ്മനിട്ടയിൽ എൻജിനിയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കെ, സമീപത്തെ സ്‌കൂളിൽ എക്‌സിബിഷന് ടെന്റ് സ്ഥാപിക്കുന്നതിന് സഹായിക്കാൻ പോയതാണ് തോട്ടപ്പുഴശ്ശേരി തോണിപ്പുഴ വലിയകാലായിൽ അനന്തുവും മൂന്ന് സുഹൃത്തുക്കളും. ടെന്റ് കെട്ടാൻ ഇരുമ്പുതൂൺ കുഴിച്ചിടുന്നതിനിടെ, അത് സമീപത്തുള്ള 11 കെ.വി. ലൈനിലേക്കുവീണ് അനന്തുവിന് ഷോക്കേറ്റു. അന്ന് ചലനശേഷി നഷ്ടപ്പെട്ടതാണ്.
വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരോഗതി കാണുമ്പോൾ വീണ്ടും ചികിത്സയ്ക്കായി കൊണ്ടുവരണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, പണമില്ലാത്തതിനാൽ പിന്നീട് പോകാൻ കഴിഞ്ഞില്ല. ആയുർവേദവും ഫിസിയോതെറാപ്പിയും തുടരുന്നു. ചികിത്സയ്ക്കായി നാരങ്ങാനം കണമുക്ക് സഹകരണ ബാങ്കിൽനിന്നാണ് കടമെടുത്തത്. അതിപ്പോൾ ജപ്തിയുടെ വക്കിലാണ്. ആറുവർഷമായി കുറിയന്നൂരിലെ വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്.
അനന്തുവിന്റെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി അമ്മ വത്സമ്മ സുശീലന്റെയും തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയിയുടെയും പേരിൽ ഫെഡറൽ ബാങ്കിന്റെ തോണിപ്പുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10260100227618, ഐ.എഫ്.എസ്.സി. FDRL0001026. ഗൂഗിൾ പേ: 9539319287.



