തിരുവനന്തപുരം: സർക്കാർ അടിമുടി അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി. ക്രമസമാധാനം പാടെ തകർന്നിരിക്കുന്നു. രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊതുജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അടിമുടി അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഭരണമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷന്റെ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന് നേതൃത്വം നൽകുന്ന മന്ത്രിമാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് ഒരു സ്ത്രീ പുസ്തകമെഴുതിയിട്ട് അതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിന് ധൈര്യമില്ല. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു ഭരണകൂടം സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ ശ്രമിക്കുകയാണ്. ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഒരേസമയം തെറ്റു ചെയ്യുകയും അതേസമയം തന്നെ ഞാനാണ് ശരി ഞാനാണ് ഭരണകൂടം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് മുഖ്യമന്ത്രിയുടെ നടപടികളിൽ കാണാൻ കഴിയുന്നത്.

ആരോപണങ്ങൾ ഉണ്ടായാൽ മറുപടി പറയാൻ തയ്യാറാകുന്നില്ല. പൊതു സമൂഹത്തിനു മുമ്പിൽ ഉത്തരം പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.  സിവിൽ സർവ്വീസ് മേഖലയിൽ ഒന്നാകെ അസംതൃപ്തി പടരുകയാണ്. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. ഏറാന്മൂളികളേയും. വിനീത വിധേയരേയും മാത്രമാണ് ഇവർക്കാവശ്യം. വിനീത ദാസന്മാരെ സൃഷ്ടിക്കുന്ന ഭരണകൂടം അഴിമതിക്കുള്ള വാതിലാണ് തുറന്നിടുന്നത്. പൊതു സമൂഹത്തിന്റെ പരിഛേദം തന്നെയാണ് സർക്കാർ ജീവനക്കാരും. അവർക്ക് യഥാസമയം ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. അതിന് തയ്യാറാകേണ്ടത് ജനാധിപത്യ മര്യാദയാണ്.

ജീവനക്കാരുടെ ആനുകല്യങ്ങൾ ചോദിച്ചാൽ സാമ്പത്തിക പ്രതിസന്ധി പറയുന്ന സർക്കാരിന് ധൂർത്ത് നടത്താൻ ഒരു തടസ്സവുമില്ല. ഉല്ലാസ യാത്രയ്ക്കായി നടത്തുന്ന വിദേശ യാത്രകൾ ഖജനാവിനെ കൊള്ളയടിക്കലാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു ഭരണകൂടമാണ് കേരളത്തിലുള്ളത്. കൊട്ടിഘോഷിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പോലും അഴിമതിക്കുള്ള മറയായി ഉപയോഗിച്ചെന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പോലും വിൽപ്പനച്ചരക്കാക്കി.

പിൻവാതിൽ നിയമനങ്ങളിലൂടെ സർക്കാർ യുവാക്കളെ വെല്ലുവിളിക്കുകയാണ്. കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ പാർട്ടിയുടെ റിക്രൂട്ടിങ് ഏജൻസിയാക്കി മാറ്റിയിരിക്കുകയാണ്. പി.എസ്.സി യെ നോക്കുകുത്തിയാക്കിയാണ് ഈ നിയമനങ്ങൾ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്നും നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ പോലും നിയമനം നടത്തുന്നില്ല. ഇത് അംഗീകരിക്കാനാവില്ല.

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ഈ സർക്കാരിന്റെ കള്ളക്കളികളാണ് വെളിച്ചത്തു കൊണ്ടു വരൂന്നത്. യോഗ്യതയും മാനദണ്ഡവുമെല്ലാം പാർട്ടി നിയമനങ്ങൾക്ക് വഴിമാറുകയാണ്. രാഷ്ട്രീയ വിധേയത്വം സർക്കാർ ജോലിക്ക് മാനദണ്ഡമാക്കിയാൽ യുവാക്കൾ കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതണ്ട. ജീവനക്കാർ ഒന്നടങ്കം ഈ സർക്കാരിനെതിരെ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുമെന്നത് തീർച്ചയാണ്.

ഈ സമര പ്രഖ്യാപന കൺവെൻഷൻ അതിനാണ് തുടക്കമിടുന്നത്. ഭരണ നിർവ്വഹണം നടത്തുന്ന ജീവനക്കാരെ അവഗണിക്കാനാവില്ല. അവരുടെ അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കണം. 2021 ജനുവരി മുതൽ കുടിശ്ശികയായ 4 ഗഡു ക്ഷാമബത്ത ഉടൻ നൽകണം. ലീവ് സറണ്ടർ പോലുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരുന്നത് തടഞ്ഞു വയ്ക്കരുത്.

യു.ഡി.എഫ് സർക്കാരുകളാണ് കാലാകാലങ്ങളിൽ ജീവനക്കാർക്ക് ആനുകുല്യങ്ങൾ നൽകി വന്നത്. ഈ പ്രസ്ഥാനം എന്നും ജീവനക്കാർക്ക് ഒപ്പം നിലകൊണ്ടിട്ടുണ്ട്. ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടാനുള്ള ജീവനക്കാരുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ നൽകുമെന്നും കെ. സുധാകരൻ അഭിപ്രായപ്പെട്ടു.  സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, മരിയാപുരം ശ്രീകുമാർ, കെ. ജയന്ത്, പ്രതാപചന്ദ്രൻ, എം. ഉദയസൂര്യൻ, എ.എം. ജാഫർഖാൻ. ജി. ഉമാശങ്കർ, എ.പി. സുനിൽ, എം.ജെ. തോമസ് ഹെർബിറ്റ്, വി.പി. ദിനേശ്, കെ.കെ. രാജേഷ്ഖന്ന എന്നിവർ സംസാരിച്ചു